അബുദാബി: അബുദാബിയിൽ സർക്കാർ സ്ഥാപനങ്ങളിലേക്കും ഷോപ്പിങ് മാൾ ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രവേശനം ലഭിക്കാൻ ഗ്രീൻ പാസ് കാണിക്കണം. ഇതേക്കുറിച്ച് അറിയാതെ പിസിആർ ടെസ്റ്റ് എടുത്തതിന്റെ ബലത്തിൽ മാളിലെത്തിയ പലർക്കും ഗ്രീൻപാസില്ലാത്തതിനാൽ പ്രവേശനം നിഷേധിച്ചു. അബുദാബിയിലെ ദേശീയ ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനും ഗ്രീൻപാസിനു പുറമെ 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റും നിർബന്ധമാക്കിയിരുന്നു.
ഇതേസമയം ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകളിലെ മാളുകളിൽ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമല്ല. നേരത്തെ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പിന്നിട്ടവർക്കും പിസിആർ ടെസ്റ്റ് എടുത്താൽ ഗ്രീൻ പാസ് ലഭിച്ചിരുന്നു. എന്നാൽ ഒമിക്രോണിന്റെ വരവോടെയാണ് പ്രതിരോധം ശക്തിപ്പെടുത്തി നിയമം കർശനമാക്കിയത്.
കാലാവധി എത്തിയവർ ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിലെത്തി സൗജന്യ ബൂസ്റ്റർ ഡോസ് എടുക്കണം. ബൂസ്റ്റർ ഡോസ് എടുത്താൽ മണിക്കൂറുകൾക്കകം അൽഹൊസൻ ആപ്പിൽ പച്ച തെളിയും. വാക്സീനും ബൂസ്റ്റർ ഡോസും എടുത്തവർക്ക് രോഗം പിടിപെട്ടാലും ഗുരുതരാവസ്ഥയിലാകില്ലെന്നും മരണനിരക്കും കുറയ്ക്കാനാകുമെന്നും അധികൃതർ അറിയിച്ചു.
ഫൈസർ, സ്പുട്നിക്, സിനോഫാം വാക്സീനുകളാണ് ബൂസ്റ്റർ ഡോസ് ആയി നൽകുന്നത്. സിനോഫാം എടുത്തവർക്ക് ആവശ്യമെങ്കിൽ ഫൈസറോ സ്പുട്നികോ എടുക്കാം. ഒരു ഡോസ് വാക്സീനാണ് ഇപ്പോൾ നൽകുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് സഹായിക്കുമെന്ന് ഡോക്ടർമാരും വ്യക്തമാക്കി.
മുഖംമൂടി ധരിക്കുക, കൈകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ 3 കാര്യങ്ങൾ തുടർന്നും സ്വീകരിക്കുന്നത് സുരക്ഷിതരായിരിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ മേഖലാ വക്താവ് ഡോ ഫരീദ അൽ ഹൊസാനി പറഞ്ഞു. വാക്സീൻ യോഗ്യരായ 100% പേർക്കും ഒരു ഡോസ് വാക്സീൻ നൽകി ലോകത്ത് ഏറ്റവുമധികം വാക്സിനേഷൻ നടത്തിയ രാജ്യമായി യുഎഇ.