മുംബൈ: അവസാന പന്തു വരെ ആവേശം മുറ്റിനിന്ന ആദ്യ ടെസ്റ്റിലെ സമനിലക്കുശേഷം പരമ്പര തേടി ഇന്ത്യയും ന്യൂസിലൻഡും രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. രണ്ടു ടെസ്റ്റുകൾ മാത്രമുള്ള പരമ്പരയായതിനാൽ വാംഖഡെയിലെ കളി ജയിക്കുന്നവർക്ക് ട്രോഫി സ്വന്തമാക്കാം. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയും ഫിഫ്റ്റിയുമായി താരമായ ശ്രേയസ് അയ്യർ സ്ഥാനം നിലനിർത്തുമോ എന്നാണ് ഇന്ന് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.
ആദ്യ ടെസ്റ്റിൽ വിട്ടുനിന്ന വിരാട് കോഹ്ലിക്കുപകരമായിരുന്നു അയ്യർക്ക് സ്ഥാനം ലഭിച്ചത്. ഇന്ന് കോഹ്ലി തിരിച്ചെത്തുബോൾ അയ്യർ പുറത്തിരിക്കുമോ, അതോ ഫോമില്ലായ്മയുടെ നെല്ലിപ്പടിയിലുള്ള ഉപനായകൻ അജിൻക്യ രഹാനെയുടെ തലയുരുളുമോ. കോഹ്ലിയും കോച്ച് രാഹുൽ ദ്രാവിഡും ഇക്കാര്യത്തിൽ ഒന്നും പറയാത്തതിനാൽ എന്തും സംഭവിക്കാം.
ഒരുകാലത്ത് ഇന്ത്യയുടെ നട്ടെല്ലായിരുന്ന രഹാനെയുടെയും ചേതേശ്വർ പുജാരയുടെയും മോശം ഫോമാണ് ഇന്ത്യയെ കുഴക്കുന്നത്. ഫസ്റ്റ് ചോയ്സായ രോഹിത് ശർമയും ലോകേഷ് രാഹുലുമില്ലാതിരുന്നിട്ടും ഓപണിങ്ങിൽ ശുഭ്മൻ ഗില്ലും മായങ്ക് അഗർവാളും ഭേദപ്പെട്ട രീതിയിൽ ബാറ്റേന്തുന്നത് ഇന്ത്യക്ക് ശുഭകരമാണ്.
ബൗളിങ്ങിൽ സ്പിന്നർമാർക്ക് മാറ്റമുണ്ടാവില്ലെങ്കിലും പേസർ ഇശാന്ത് ശർമക്കുപകരം മുഹമ്മദ് സിറാജിനെ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ന്യൂസിലൻഡ് നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്. മുംബൈയിലെ പിച്ചിൽ പേസർമാർക്ക് കൂടുതൽ സഹായം ലഭിക്കുമെന്ന കണക്കുകൂട്ടലിൽ സ്പിന്നർ വിൽ സോമർവില്ലിൻ്റെ സ്ഥാനത്ത് ഇടംകൈയൻ പേസർ നീൽ വാഗ്നറെ കളിപ്പിച്ചേക്കും.