തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം നേരിടാൻ കേരളം സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസ് ആണിതെന്നും മന്ത്രി വ്യക്തമാക്കി.26 രാജ്യങ്ങൾ ഹൈറിസ്ക് പട്ടികയിലുണ്ട്. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ എണ്ണം ശേഖരിക്കുകയാണ്. ഇതിൽ വാക്സിൻ എടുത്താത്തവർ ഉടൻ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷന് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിന് നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.