കൊല്ലം: ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉത്തരേന്ത്യക്കാരനായ യുവാവിന് 13 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദിനെയാണ് കൊട്ടാരക്കര അസി. സെഷന്‍സ് ജഡ്ജ് വി.സന്ദീപ്കൃഷ്ണ 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2019 ഏപ്രില്‍ 13-ന് രാവിലെ പത്തോടെ കൊട്ടാരക്കരയിലാണ് സംഭവം നടന്നത്.ഗർഭിണിയായ യുവതി മാത്രമുള്ള സമയത്താണ് ഉത്തരേന്ത്യക്കാരായ രണ്ടുപേർ പുതപ്പുമായെത്തിയത്.പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞ യുവതി വാതില്‍ ചാരി അകത്തേക്കു പോകുന്നതിനിടെ, വീട്ടിനുള്ളില്‍ കയറിയ നൂർ മുഹമ്മദ് ഇവരുടെ വായ പൊത്തുകയും ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. കുതറി പുറത്തേക്കോടിയ യുവതി രക്ഷപ്പെടുകയും ചെയ്തു. ബഹളവും നിലവിളിയും കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും പ്രതിയായ നൂര്‍ കടന്നുകളഞ്ഞു.
നാട്ടുകാരും പോലീസും നടത്തിയ രണ്ടുമണിക്കൂർ തിരച്ചിലിനൊടുവിലാണ് വെട്ടിക്കവല ജങ്ഷനു സമീപം നൂര്‍ മുഹമ്മദിനെ കണ്ടെത്തിയത്.തിരിച്ചറിയാതിരിക്കാനായി ഇയാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി താടി വടിച്ചു. പോലീസ് സ്റ്റേഷനില്‍ പ്രതിയെ തിരിച്ചറിയുന്നതിനിടെ പേടിച്ച യുവതി കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു.
തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.സുനില്‍കുമാര്‍ കോടതിയില്‍ ഹാജരായി. വീട്ടില്‍ അതിക്രമിച്ചുകടന്നതിന് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപയും ബലാത്സംഗശ്രമത്തിന് മുന്നുവര്‍ഷം കഠിനതടവും 15,000 രൂപയും എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.