ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിൻറെ മതിയായ ലഭ്യതയും കൊറോണ വൈറസിൻറെ പുതിയ വകഭേദവും കണക്കിലെടുത്ത് ബൂസ്റ്റര്‍ ഡോസായി കോവിഷീല്‍ഡ് നല്കാന് അനുമതി ആവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ) മുന്നില്‍.ബ്രിട്ടൻറെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി ബൂസ്റ്റര്‍ ഡോസായി ‘ആസ്ട്ര സെനക’ക്ക് അംഗീകാരം നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്.ഐ.ഐ) ഗവണ്മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് പറഞ്ഞു.
പല രാജ്യങ്ങളും വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് നല്കാന് തുടങ്ങിയിട്ടുണ്ട്. രണ്ട് ഡോസ് കോവിഷീല്‍ഡ് ഉപയോഗിച്ച രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ നിരന്തരമായി ബൂസ്റ്റര്‍ ഡോസിനായി തങ്ങളോട് അഭ്യര്‍ഥിക്കുന്നതായി സിങ് അപേക്ഷയില്‍ പറഞ്ഞു.കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ആവശ്യമെങ്കില്‍ കോവിഷീല്‍ഡ് വാക്സിന്റെ ഒരു ബൂസ്റ്റര്‍ ഡോസ് സാധ്യമാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനാവാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും പുതിയ വൈറസിനെ കുറിച്ച് കൂടുതലറിയാന്‍ രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫോര്‍ഡിലെ ശാസ്ത്രജ്ഞരും അവരുടെ ഗവേഷണം തുടരുകയാണ്. അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ബൂസ്റ്റര്‍ ഡോസായി പ്രവര്‍ത്തിക്കുന്ന ഒരു പുതിയ വാക്സിന് ആറ് മാസത്തിനുള്ളില്‍ ഞങ്ങള്‍ പുറത്തിറക്കിയേക്കാം.
കോവിഷീല്‍ഡിന്റെ ഫലപ്രാപ്തി വളരെ ഉയര്‍ന്നതാണെന്നും ആശുപത്രി വാസത്തിനും മരണത്തിനുമുള്ള സാധ്യത വന്‍തോതില്‍ കുറയ്ക്കുന്നുവെന്നും ലാന്‍സെറ്റ് ശാസ്ത്ര ജേണലില്‍ റിപ്പോര്‍ട്ടുണ്ട്. ഒരു ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരികയാണെങ്കില്‍ ആവശ്യമായത്രയും ഡോസ് വാക്സിന് ഞങ്ങളുടെ പക്കലുണ്ട്. 200 ദശലക്ഷം ഡോസ് വാക്സിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി തയാറാക്കിവെച്ചിട്ടുണ്ട് -അഡാര്‍ പൂനാവാല എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വരാനിരിക്കുന്ന 10 വര്‍ഷത്തേക്ക് കൂടി നമ്മള് തയാറെടുക്കേണ്ടതുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ എന്ന നിരക്കില്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കേണ്ടിവരും. പുതിയ വകഭേദങ്ങള്‍ക്കനുസരിച്ച് ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായിവരും.