ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിൻ്റെ നീക്കങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എംപിയും എന്‍ കെ പ്രേമചന്ദ്രന് എംപിയും ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്കി. നോട്ടിസിന് അവതരണാനുമതി ലഭിച്ചാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യും. സഭ നിര്‍ത്തിവെച്ച് മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
അതിനിടെ മുല്ലപ്പെരിയാര്‍ ഡാമിൻ്റെ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് നല്‍കാതെ തുറന്നതിനെതിരെ പാര്‍ലമെന്റ് വളപ്പില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രതിഷേധിക്കും. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുക. ഡാമിൻ്റെ സുരക്ഷാ ഭീഷണിയെക്കുറിച്ച് പറയുമ്പോഴൊക്കെയും ഒരു വിധത്തിലുമുള്ള ഭീഷണിയില്ലെന്ന് നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നത്. കേരളത്തോട് ആലോചിക്കുകയോ മുന്നറിയിപ്പ് നല്കാതെയോ ആണ് ഷട്ടറുകള്‍ തുറക്കുന്നത്. തമിഴ്നാട് സര്‍ക്കാരിനുവേണ്ടി എല്ലാം സമ്മതിച്ചുകൊടുക്കുന്ന സമീപനം ശരിയല്ലെന്നും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
നിലവില്‍ മുല്ലപ്പെരിയാറിൻ്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പില്‍ മാറ്റമില്ല. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുകയാണ്. അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രദേശവാസികള്‍ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഡാമിൻ്റെ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. തീരത്തുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.