വാഹനപ്രേമികള്‍ക്കിടയില്‍ അമ്ബരപ്പുണ്ടാക്കിയ വാഹനമായിരുന്നു ഇലോണ്‍ മസ്കിൻറെ ടെസ്ല നിര്‍മിച്ച സൈബര്‍ ട്രക്ക്.ലോകമിതുവരെ കണ്ടുപരിചയിച്ച എല്ലാ വാഹന രൂപകല്‍പന സങ്കല്‍പങ്ങളേയും അട്ടിമറിക്കുന്ന സവിശേഷതകളുമായായിരുന്നു സൈബര്‍ ട്രക്ക് അവതരിച്ചത്.
ഒറ്റനോട്ടത്തില്‍ അന്യഗ്രഹത്തില്‍ നിന്ന് വന്നതാണോ എന്ന് പോലും സംശയിച്ചുപോകും. ടെസ്ല 2019ല്‍ സൈബര്‍ ട്രക്കിൻറെ കണ്‍സെപ്റ്റ് മോഡലായിരുന്നു അവതരിപ്പിച്ചത്. വൈകാതെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, സൈബര്‍ ട്രക്കിന് മുേമ്ബ ’സൈബര്‍ വിസിലു’മായെത്തി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ടെസ്ല. സൈബര്‍ ട്രക്കിൻറെ രൂപത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച ‘പീപ്പി’ 50 ഡോളറിനാണ് (3,750 രൂപ) വില്‍പ്പനക്കെത്തിയത്. മണിക്കൂറുകള്‍ കൊണ്ടാണ് സൈബര്‍ വിസില്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നത്. ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്കിൻറെ ഒരു ട്വീറ്റായിരുന്നു ‘സൈബര്‍ പീപ്പി’യെ സൂപ്പര്‍ഹിറ്റാക്കിയത്.
വിസില്‍ പൂര്‍ണ്ണമായും വിറ്റുതീര്‍ന്നതോടെ, ചില വിരുതന്‍മാര്‍ ഇ-ബേയില്‍ വില കൂട്ടിയിട്ട് മറിച്ചുവില്‍ക്കാനും തുടങ്ങി. വിസിലൊന്നിന് 2,250 ഡോളറാണ് (1.68 ലക്ഷം രൂപ) ചിലര്‍ ഈടാക്കുന്നത്. അത് വാങ്ങാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നേരത്തെ ആപ്പിള്‍ പുറത്തിറക്കിയ പോളിഷിങ് തുണിയുടെ വില എടുത്തുകാണിച്ച് ഇലോണ്‍ മസ്ക് ട്രോളുമായി രംഗത്തെത്തിയിരുന്നു. 19 ഡോളറിന് വിപണിയിലെത്തിയ പോളിഷിങ് ക്ലോത് ആപ്പിള്‍ ഡിവൈസുകളുടെ ഡിസ്പ്ലേ തുടക്കാനുള്ള മൈക്രോഫൈബര്‍ തുണിയാണ്. എന്നാലിപ്പോള്‍, മസ്ക് ആപ്പിള്‍ തുണിക്ക് പകരം ‘സൈബര്‍ പീപ്പി’ വാങ്ങിക്കാനാണ് നെറ്റിസണ്‍സിനോട് ആവശ്യപ്പെടുന്നത്.