കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിക്ഷേപകരുടേയും സംരംഭകരുടേയും പുതിയ കൂട്ടായ്മ കേരള സ്റ്റാര്‍ട്ടപ്പ് നെറ്റ്വര്‍ക്ക് ആരംഭിച്ചു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് മുന്നൂറിലേറെ സംരംഭകര്‍ തുടക്കമിട്ട സ്വയം സഹായ കൂട്ടായ്മക്കാണ് ഔപചാരിക രൂപമായത്. കെഎസ്എന്‍ ഗ്ലോബല്‍ എന്ന പേരിലായിരിക്കും സംഘടന അറിയപ്പെടുക. സംരഭകരായ അജിന് എസ്, അനില്‍ ബാലന്, ബിന്ദു ശങ്കരപ്പിള്ള, ഡോ. ജയന് ജോസഫ്, സുനില്‍ ഹരിദാസ്, റോണി റോയ്, മനോജ് ബാലു, ബിനു മാത്യൂ, മനോജ് ഗോപാലകൃഷ്ണന് എന്നിവരുള്‍പ്പെട്ട സംഘമാണ് കേരള സ്റ്റാര്‍ട്ടപ് നെറ്റ്വര്ക്കിനു തുടക്കമിട്ടത്. സംഘടനയുടെ ആദ്യ പരിപാടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ആസ്ഥാനത്തെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ ഗ്രാന്റ് മീറ്റ് വി2.0 എന്ന പേരില്‍ ശനിയാഴ്ച നടന്നു.
നൂതനാശയങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച സംരഭങ്ങളാക്കി മാറ്റുന്നതിനും പ്രതിസന്ധികളെ മറികടക്കാനും സംരംഭകരെ സഹായിക്കുകയാണ് കെഎസ്എന്‍ ഗ്ലോബലിന്റെ ലക്ഷ്യം.
മാധ്യമ ശ്രദ്ധലഭിക്കാതെ പോകുന്ന സ്റ്റാര്‍ട്ടപ്പ് വിജയഗാഥകളെ പുറത്തു കൊണ്ടുവരുന്നതിനും സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അറിവും അനുഭവവും പങ്കുവെക്കുന്നതിനും വേദിയൊരുക്കുമെന്നും സ്ഥാപകര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, നാസ്കോം പ്രതിനിധികളും കെഎസ്എന്‍ ഗ്ലോബലിന്റെ ഭാഗമാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ മികച്ച സ്റ്റാര്‍ട്ടപ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ വലിയ പുരോഗതി നേടിയിട്ടുണ്ടെങ്കിലും കെഎസ്എന്‍ ഗ്ലോബല്‍ പോലുള്ള കൂട്ടായ ശ്രമങ്ങളുടെ പിന്തുണയും സര്‍ക്കാര്‍ പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് സ്ഥാപകര്‍ പറഞ്ഞു.