പറവൂർ : ഭാര്യയുടെ മുറിയിലെ നിരീക്ഷണ ക്യാമറ കണക്ഷൻ വിഛേദിച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് റിമാൻഡിൽ. ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷ് (42) ആണ് റിമാൻഡിലായത്.
വിവാഹ മോചനത്തിന് കേസ് നൽകിയ ശേഷം ഒരു വീട്ടിൽത്തന്നെ വെവ്വേറെ മുറികളിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് കഴിയുകയായിരുന്നു ഇരുവരും. കഴിഞ്ഞ 11-ാം തീയതിയാണ് സംഭവം. ഭാര്യ സുമയുടെ മുറിയിലേക്കുള്ള നിരീക്ഷണ ക്യാമറയുടെ കണക്ഷൻ ഇയാൾ വിച്ഛേദിച്ചു.
ഇതു സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് രാജേഷ് അവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ സുമയെ ഇയാൾതന്നെ ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം ഒളിവിൽ പോയി.
ഒളിവിൽ കഴിയവെ കേസിന്റെ കാര്യത്തിനായി എറണാകുളത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചു. വടക്കേക്കര സി.ഐ. എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി. കോഴിക്കോട്ടാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു