കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വൈറസ് വകഭേദം വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്‍കമിങ് യാത്രക്കാരില്‍ നിരീക്ഷണം ശക്തമാക്കി.വൈറസ് കുവൈത്തില്‍ എത്താതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും അധികൃതര്‍ സ്വീകരിച്ചുവരുന്നു.
യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. സംശയമുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പി.സി.ആര് പരിശോധന നടത്തുന്നു.72 മണിക്കൂറിനുള്ളില്‍ പി.സി.ആര് പരിശോധന നടത്തി നെഗറ്റിവ് ആയവര്‍ക്കും അംഗീകൃത വാക്സിന് സ്വീകരിച്ചവര്‍ക്കും മാത്രമാണ് നേരത്തെ തന്നെ പ്രവേശനാനുമതി നല്കി വരുന്നത്.ക്വാറന്റീന് വ്യവസ്ഥകളില്‍ തല്ക്കാലം മാറ്റം വരുത്തിയിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് ഉള്‍പ്പെടെ നടപടികളിലേക്ക് ആവശ്യമെങ്കില്‍ കടക്കും.
പുതിയ വൈറസ് വകഭേദം കണ്ടെത്താന്‍ പി.സി.ആര് പരിശോധന പര്യാപ്തമാണെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് നാട്ടില്‍നിന്നും ഇവിടെ എത്തിയ ശേഷം നടത്തുന്നതുമായ പി.സി.ആര് പരിശോധനയില്‍ വിശ്വാസമര്‍പ്പിച്ച് തല്ക്കാലം നിലവിലെ ക്വാറന്റീന് വ്യവസ്ഥ തുടരുന്നത്. വൈറസ് വ്യാപിക്കുകയാണെങ്കില്‍ ഇത് മാറ്റും.ഒമ്ബത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വിസ് വിലക്കിയിട്ടുണ്ട്.
കര, കടല്‍ അതിര്‍ത്തികളിലും പ്രവേശനം കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഇതുവരെ രാജ്യത്ത്
ഒമിക്രോണ്‍ എത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, മൊസാംബീക്, ലെസോതോ, എസ്വതനി, സാംബിയ, മലാവി എന്നീ രാജ്യങ്ങള്‍ക്കാണ് വ്യോമയാന വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്.