ചാലക്കുടി: കുടുംബവഴക്കിനെ തുടര്‍ന്ന് മകന് അമ്മയെ റോഡിലിട്ട് വെട്ടി. മേച്ചിറ അഞ്ചു കമ്പനി ഏത്തപ്പിള്ളി വീട്ടില്‍ അയ്യപ്പന്റെ ഭാര്യ അമ്മിണി (64) ക്കാണ് ഗുരുതരമായി വെട്ടേറ്റത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. അമ്മയെ ആക്രമിച്ച രതീഷിനെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പകല്‍ 9.45 ഓടെയായിരുന്നു സംഭവം. രാവിലെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് അമ്മിണി വീട്ടില്‍നിന്നും ഇറങ്ങിപ്പോയി.
ഇതില്‍ പ്രകോപിതനായ രതീഷ് ഇവരെ പിന്തുടര്ന്ന് റോഡില്‍ തള്ളിയിട്ട് കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അമ്മിണിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരുക്കേറ്റ അമ്മിണി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.