കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് (Kottiyoor Rape Case) പ്രതി റോബിൻ വടക്കുംചേരിക്ക് (Robin Vadakkumchery) ശിക്ഷയിൽ ഇളവ്. 10 വർഷം തടവും ഒരുലക്ഷം രൂപയുമായി ശിക്ഷ കുറച്ചു. 20 വർഷം തടവാണ് 10 വർഷമായി കുറച്ചത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. പോക്സോ കേസും ബലാത്സംഗ വകുപ്പും നിലനിൽക്കുമെന്നും കോടതി അറിയിച്ചു. വിവാഹത്തിനായി ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. വിവാഹം കഴിക്കാൻ രണ്ടുമാസത്തെ ജാമ്യം റോബിൻ വടക്കുംചേരിക്ക് നൽകണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിൻ വടക്കുംചേരിയും ആവശ്യപ്പെട്ടിരുന്നു.
സർക്കാർ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചിരുന്നു. എന്നാൽ ഈ കേസിൽ ജാമ്യം നൽകില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി കൃത്യമായ തീരുമാനമെടുത്ത കേസിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് വിനീത് സരൺ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും തള്ളിയിരുന്നു. കണ്ണൂർ ജില്ലിയിലെ കൊട്ടിയൂർ നീണ്ടുനോക്കി സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിലെ വൈദികനായിരുന്ന റോബിൻ വടക്കുംചേരി 2016 ൽ പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി ഗർഭിണിയാക്കി എന്നതായിരുന്നു കേസ്.