കൊച്ചി: മോൻസൻ മാവുങ്കലിൻറെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. പുരാവസ്തു തട്ടിപ്പിലെ പരാതിക്കാർക്ക് നോട്ടീസ് അയച്ചു. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരനായ യാക്കൂബിന് നോട്ടീസ് നൽകി. ഇഡിയുടെ ഇടപെടലിന് പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് മറുപടി നൽകിയിട്ടില്ല. മോൻസൻ കേസിലെ അന്വേഷണ വിവരങ്ങളും കൈമാറിയിട്ടില്ല.
മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിദേശ മലയാളി അനിത പുല്ലയിലിനെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തു. ചാനൽ ചർച്ചയ്ക്കിടെയാണ് അനിത പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തിൽ അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിക്കും. മോൻസൻ മാവുങ്കലിൻറെ അടുത്ത സുഹൃത്തായ അനിത പിന്നീട് മോൻസനുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മോൻസന് പരിചയപ്പെടുത്തിയതടക്കമുള്ള കാര്യങ്ങളിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിലാണ് അനതി. ഹൈക്കോടതിയും വിദേശ മലയാളിയുടെ ഇടപെടലിൽ അന്വേഷണം അടക്കം എത് ഘട്ടത്തിലാണെന്ന് ചോദിച്ചിരുന്നു.