ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ(mullaperiyar dam) ജലനിരപ്പിൽ(water level) നേരിയ കുറവ്. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ തുറന്ന ആറു ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. ഇന്നലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് ഇന്നലെ പുലർച്ചെ ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്ച പുലർച്ച 3.55നാണ് ഷട്ടറുകൾ തുറന്നത് . ഇതോടെ മുന്നറിയിപ്പില്ലാതെ ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടത് പ്രദേശവാസികളെ ഭീതിയിലാക്കി.
തിങ്കളാഴ്ച അണക്കെട്ടിൽ 141.90 അടി ജലം നിലനിൽക്കേ സ്പിൽവേ ഷട്ടറുകൾ എല്ലാം അടച്ച തമിഴ്നാട് അധികൃതർ ഇടുക്കിയിലേക്ക് സെക്കൻഡിൽ 143 ഘന അടി ജലം മാത്രമാണ് തുറന്നുവിട്ടത്. മഴയെത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 7991 ഘന അടിയായി വർധിച്ചതോടെ രണ്ട് ഷട്ടർ പുലർച്ച മൂന്നിന് തുറന്നു. പിന്നീട്, നാല് മണിയായതോടെ രണ്ട് ഷട്ടർകൂടി തുറന്ന് ഇടുക്കിയിലേക്ക് സെക്കൻഡിൽ 1682 ഘന അടി ജലം ഒഴുക്കി. മണിക്കൂറുകളുടെ ഇടവേളയിൽ ജലനിരപ്പ് 142ൽ നിയന്ത്രിച്ചുനിർത്താൻ 7.30 ഓടെ ഒമ്പത് ഷട്ടർ തുറന്നു.
അതേസമയം മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. എഡിഎമ്മും ആർ ഡി ഒയും സ്ഥലത്തുണ്ട്. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ളറഫ പൊലീസ് സംഘം, അഗ്നി രക്ഷാ സേന, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരും സജ്ജഡരാണ്.