മൈസൂരു: പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. മൈസൂരുവിൽ ഡിപ്ലോമ വിദ്യാർഥിനിയായ 17-കാരിയാണ് പീഡനത്തിനിരയായത്.
പെൺകുട്ടിയുടെ അച്ഛൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. വർഷങ്ങൾക്ക് മുമ്പ് അമ്മയും മരിച്ചു. രണ്ട് മുതിർന്ന സഹോദരൻമാരും സഹോദരിമാരുമാണ് പെൺകുട്ടിക്കുള്ളത്. വിവാഹിതരായ സഹോദരിമാർ ഭർതൃവീടുകളിലായതിനാൽ സഹോദരൻമാർക്കൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. സഹോദരൻമാരിലൊരാൾ സ്ഥിരം മദ്യപാനിയായിരുന്നു. ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ഗർഭിണിയാണെന്ന വിവരം പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. ഡോക്ടർമാർ അനുനയപൂർവം കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി സഹോദരന്റെ പേര് പറഞ്ഞത്. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്ന് ആലനഹള്ളി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.