തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനോടു ചേർന്ന് പുതിയ ന്യൂനമർദം രൂപപ്പെട്ടാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്.
അതേസമയം, നിലവിലെ സാഹചര്യത്തിൽ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയില്ല.
ന്യൂനമർദത്തിന്റെ നിലവിലെ സഞ്ചാര പാത മാറുകയും ന്യൂനമർദം കൂടുതൽ തീവ്രമാവുകയും ചെയ്താൽ മാത്രമേ കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് എവിടെയും ശനിയാഴ്ച വരെ കനത്ത മഴയ്ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുമില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനടുത്തായി പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതും കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ നിഗമനം.