നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യപ്പന് നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടിയ വിശേഷവുമായി ഗൗരി. ബിജു മേനോനെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗൗരി നന്ദ ഈ വിശേഷം ആരാധകരുമായി പങ്കിട്ടത്.സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’സിനിമയില്‍ പോലീസുകാരന് അയ്യപ്പന് നായരുടെ വേഷം ബിജു മോനോനും ഭാര്യ കണ്ണമ്മയുടെ വേഷം ചെയ്തത് ഗൗരിയുമായിരുന്നു. കോശി കുര്യന് എന്ന കഥാപാത്രം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു.
ഈ ചിത്രത്തിന് ഇപ്പോള്‍ തെലുങ്ക് റീമേക് ഇറങ്ങുന്ന വേളയാണ്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ “ഭീംലാ നായികി”ന്റെ വാര്‍ത്തകള്‍ ആദ്യമേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പവന് കല്യാണും റാണാ ദഗ്ഗുബാട്ടിയും മുഖ്യ വേഷങ്ങളിലെത്തുന്ന സിനിമയാണിത്.സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.
നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കില്‍ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രന് ഛായാഗ്രഹണവും തമന് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന് എസ് ആണ്. തമനൊപ്പം ശ്രീ കൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ‘അയ്യപ്പനും കോശി’യിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റില്‍ സോങ്ങ് മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നഞ്ചമ്മ ആലപിച്ച ഗാനത്തിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു.