മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ഉണ്ടായ ആരോഗ്യ പ്രവർത്തകരുടെ വീഴ്ച്ച തകർത്തത് ഒരു യുവതിയുടെ ജീവിതമാണ്. അലർജിക്ക് ചികിത്സക്ക് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ കുറ്റിപ്പുറം സ്വദേശിനി വി.പി ഹസ്നയാണ് മരിച്ചത്. ഏറെ ഗൗരവത്തോടെ ആരോഗ്യ സംവിധാനങ്ങൾ പരിശോധിക്കേണ്ടതാണ് ഹസ്നയുടെ മരണം. കോവിഡ് വാക്സിനും യുവതിക്ക് നൽകിയ ഇൻജക്ഷനും തമ്മിൽ എന്ത് പ്രവത്തനമാണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്.
കഴുത്തിലും കയ്യിലും ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 25ന് വൈകിട്ട് നാലോടെയാണ് കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്ന(27)യെ കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലര്‍ജിക്കുള്ള 2 ഡോസ് കുത്തിവയ്പ് നല്കി. കുത്തിവയ്പെടുത്ത് 10 മിനിറ്റിനുള്ളില്‍ അബോധാവസ്ഥയിലായ ഹസ്നയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 27ന് മരിച്ചു.
3 മാസം മുന്‍പ് കോവിഡ് ബാധിച്ച ഹസ്ന 24ന് ആണ് ആദ്യഡോസ് വാക്സീന് എടുത്തത്. 24ന് വാക്സിന് സ്വീകരിച്ച് 38 മണിക്കൂറിന് ശേഷം യുവതിയെ അലര്‍ജി കാരണം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കുകയായിരുന്നു. ഇൻജെക്ഷൻ എടുത്തതിന് പിന്നാലെ ബോധ രഹിതയായ ഹസ്നയുടെ രക്ത മര്‍ദ്ദം കുറയുന്നതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും അവിടെ നിന്ന് അടിയന്തിരമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമാണുണ്ടായത്. പിന്നീട് ചികിത്സയിലിരിക്കെയാണ് മരണമുണ്ടായത്.
എവിടെയാണ് ആരോഗ്യ പ്രവർത്തകർക്ക് പിഴച്ചത് എന്ന കാര്യത്തിൽ അന്വേഷണം നടത്തി കണ്ടെത്തേണ്ടതുണ്ട്. കോവിഡ് വാക്സിൻ സ്വീകരിച്ച് ഏതാനും മണിക്കൂറുകൾക്കകം അലർജി വന്നതും, അലർജിക്ക് ഇഞ്ചക്ഷൻ നൽകി മിനുറ്റുകൾക്കകം യുവതി ബോധരഹിതയായതും പഠന വിധേയമാക്കേണ്ടതുണ്ട്. കോവിഡ് വാക്സിൻ ഗുരുതര ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുമെന്ന തരത്തിൽ തുടക്കം മുതലേ പ്രചാരണം ഉള്ള സാഹചര്യത്തിൽ നിജ സ്ഥിതി കണ്ടെത്തേണ്ടതുണ്ട്.
സംഭവത്തില്‍ കുറ്റിപ്പുറം ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹസ്നയുടെ കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന തരത്തിലാണ് നിലവിൽ എല്ലാ ഊഹാപോഹങ്ങളും നടക്കുന്നത്. സംഭവത്തിൽ പോലീസിന്റെയും ആരോഗ്യ വകുപ്പിന്ന്റെയും അന്വേഷണം നടക്കുന്നുണ്ട്.
തിരൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലെത്തിയ അന്വേഷണ സംഘം യുവതിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്തു. ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റഡിയിലെടുത്തു. വാക്സിനേഷനുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. രാസപരിശോധനാ റിപ്പോര്‍ട്ടടക്കം ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.
വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. ഇസ്മായില്‍ അറിയിച്ചു. കുറ്റിപ്പുറത്ത് നിന്ന് റഫർ ചെയ്യപ്പെട്ട യുവതിക്ക് വേണ്ട എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ആരോഗ്യനില മോശമാകുകയും മരണപ്പെടുകയുമായിരുന്നെന്നും ഡെപ്യൂട്ടി ഡിഎംഒ പറയുന്നു.
സംഭവത്തിൽ കുറ്റിപ്പുറം യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും നടക്കുന്നുണ്ട്. മരണത്തിനു ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവിശ്യപെട്ടുകൊണ്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് പഞ്ചായത്ത് യുഡിഫ് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
കേരളത്തിൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് ഒരു പക്ഷെ ആദ്യമാണ്. ഹസ്നയുടെ മരണത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ ആയവരെ കണ്ടെത്തുകയും ശിക്ഷിക്കേണ്ടതുമുണ്ട്. അതൊരു സ്വാഭാവിക മരണം അല്ലാത്തതിനാൽ അവർക്ക് നീതി നൽകേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.