തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ തുറന്നപോരിന് ഒരുങ്ങി നേതൃത്വം. കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിനെ സമീപിക്കും. മുതിർന്ന നേതാക്കൾ വിവാദങ്ങൾ ഉണ്ടാക്കി പാർട്ടി പ്രവർത്തനം സ്തംഭിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഇരുവർക്കും എതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ തീരുമാനം.
അതേസമയം കോൺഗ്രസിലെ ആഭ്യന്തരകലഹത്തിൽ യുഡിഎഫ് ഘടകക്ഷികൾ കടുത്ത അതൃപ്തിയിലാണ്. സമ്മർദത്തിന് വഴങ്ങില്ലെന്ന് കെപിസിസി നേതൃത്വം, യുഡിഎഫ് യോഗം ബഹിഷ്കരിച്ചതിന് ന്യായികരണമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണിയോഗത്തിന് എത്താതിരുന്നത് മന:പൂർവമാണ്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ല. എന്നാലിപ്പോൾ അതും സംഭവിച്ചുവെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടുന്ന ചില മുതിർന്ന നേതാക്കൾ പാർട്ടി പ്രവർത്തനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നുവെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രധാന പരാതി. ഇവർ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും കെപിസിസി നേതൃത്വം പറയുന്നു.
നിയമസഭയിലെ പ്രതിപക്ഷത്തിൻ്റെ മികച്ച പ്രവർത്തനത്തിൻ്റെ യശസ്സ് ഇല്ലാതാക്കാൻ ഈ നേതാക്കൾ ശ്രമിക്കുകയാണ്. ഘടക കക്ഷികൾക്കിടയിലും പാർട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം ഹൈക്കമാൻഡിനെ അറിയിക്കും.