ദോഹ: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് കാര്യക്ഷമത വര്‍ധിപ്പിക്കാനാണെന്ന വാദം കാപട്യമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. ഖത്തര്‍ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടേബ്ള്‍ ടോക്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണ വിഷയത്തില്‍ ചതിക്കപ്പെട്ട സമുദായം ഇന്ന് അതിൻറെ നഷ്ടങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്.
വിവിധ സര്‍വകലാശാലാ നിയമനങ്ങളില്‍ സംവരണ സമുദായങ്ങളുടെ ക്വാട്ടയില്‍ നിന്നുമെടുത്താണ് മുന്നാക്കക്കാര്‍ക്ക് നിയമനം നല്‍കിയത്. സംവരണ സമുദായങ്ങള്‍ക്ക് നല്കിയ ഉറപ്പിനുവിരുദ്ധമായ ഈ സമീപനം ശക്തമായ സമരംകൊണ്ടാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ തിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംവാദം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഖാസിമി മോഡറേറ്ററായിരുന്നു. കോയ കൊണ്ടോട്ടി (കെ.എം.സി സി ), മുജീബ് മദനി (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ), എന്‍.പി. ഗഫൂര്‍ (ഐ.സി.എസ് ഖത്തര്‍ ), ജമീല്‍ ഫലാഹി (സി.ഐ.സി ഖത്തര്‍), മുനീര്‍ മങ്കട (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ഫൈസല്‍ വാഫി അടിവാരം (കേരള ഇസ്ലാമിക് സെന്റര്‍) സംസാരിച്ചു. ഫൈസല്‍ കായക്കണ്ടി ഖിറാഅത്ത് നടത്തി. സിറാജ് മാതോത്ത് സ്വാഗതവും ശബീര്‍ മേമുണ്ട നന്ദിയും പറഞ്ഞു.