കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്ക് അടിമയെന്ന് കമ്മീഷണര്‍ സി എച്ച് നാഗരാജു. സൈജുവിന്റെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്.
മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്നും കമ്മീഷണർ പറഞ്ഞു. സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലെന്ന് കമ്മീഷണർ അറിയിച്ചു. ഡിജെ പാർട്ടികളിൽ സൈജു എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നു. മാരാരിക്കുളത്ത് നടന്ന ലഹരി പാർട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റുകളും പോലീസിന് ലഭിച്ചു.
ഇന്നലെ അന്വേഷണസംഘം സൈജുവിന്റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. സ്ഥിരമായി ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും ലഹരി മരുന്ന് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും സൈജു മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്റെ മൊഴിയിലുണ്ട്. ഈ ഉദ്ദേശത്തില്‍ തന്നെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്.