കേരളം രാജ്യത്തെ തന്നെ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ്. മാത്രമല്ല അടിസ്ഥാന സൗകര്യം കൊണ്ടും ആരോഗ്യ സംവിധാനങ്ങൾ കൊണ്ടും വിദ്യാഭ്യാസ സൗകര്യങ്ങൾ കൊണ്ടും കേരളം ഒന്നാമത് തന്നെയാണ്. എന്നാൽ ഇതൊക്കെ കാലങ്ങളായി സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങൾക്ക് അന്യമാണ്. അട്ടപ്പാടിയിൽ പോഷകാഹാര കുറവ് മൂലം ഉണ്ടായ മരണങ്ങൾ ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നു.
നീതി ആയോഗ് പുറത്ത് വിട്ട ദാരിദ്ര്യ കണക്ക് തങ്ങളുടെ നേട്ടമാണെന്ന് എൽഡിഎഫും യുഡിഎഫും തർക്കിച്ച് കൊണ്ടിരിക്കെയാണ് ഇത്തരമൊരു ദാരുണമായ സംഭവം അരങ്ങേറിയത്. എല്ലായിപ്പോഴുമെന്ന രാഷ്ട്രീയ ഒച്ചപ്പാടുകളിൽ മുങ്ങിത്താണ ആദിവാസി വിഷയം പതിയെ ആണെങ്കിലും ഇപ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുക്കുന്നുണ്ട്.
പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവും മൂലം അഞ്ച് കുഞ്ഞുങ്ങളാണ് അടുത്ത ദിവസങ്ങളിലായി അട്ടപ്പാടിയിൽ മരിച്ചത്. ഒരു കുഞ്ഞിനൊപ്പം അമ്മയും മരിച്ചു. ഇതോടെ യഥാർത്ഥത്തിൽ മരണം ആറാണ്. പലപ്പോഴും പലരായും ആദിവാസികളുടെ പോഷകാഹാര കുറവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ സർക്കാർ നല്കിയില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഇത് കേവലമൊരു വീഴ്ചയല്ല, ഗുരുതരമായ വീഴ്ചയാണ്.
ഈ വര്‍ഷം ഇത് വരെ പതിനൊന്നു മരണം റിപ്പോര്‍ട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അടിക്കടി മരണം ഉണ്ടാകുമ്പോഴും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരി ഉത്തരവാദി ത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണു ശ്രമിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും പട്ടികജാതി വകുപ്പിന്റെയും പൂര്‍ണ്ണ പരാജയമാണെന്ന് പറയാതെ വയ്യ.
അട്ടപ്പാടിയിൽ ആരോഗ്യ രംഗത്തെ വീഴ്ചകൾ ഏറെയാണ്. സ്ഥിരമായി ഇത്തരം പ്രശ്ങ്ങൾ ഉണ്ടാകുന്ന പ്രദേശത്ത് നല്ളൊരു സ്കാനിങ് സംവിധാനം പോലും ഇല്ല. സർക്കാരിന്റെ തന്നെ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ പോലുള്ളത് അട്ടപ്പാടിക്ക് ആവശ്യമാണ്. അട്ടപ്പാടിയിൽ ഏറ്റവുമധികം അപര്യാപതതകൾ ഉള്ളത് ഗര്ഭിണികളുടെയും ശിശുക്കളുടെയും കാര്യത്തിലാണ്. സ്ഥിരമായ സ്കാനിങ്ങ് സംവിധാനവും എൻഐസിയു സംവിധാനവും ഇവിടെ ഇനിയും ഇല്ല.
47 നവജാതശിശുക്കളെ നഷ്ടമായ 2013 ലെ ദുരന്തകാലത്തിനു ശേഷം 8 വർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾ വഴി 131 കോടി രൂപയാണ് ആദിവാസി ക്ഷേമത്തിനായി ഇവിടെയെത്തിയത്. ഈ പണം എവിടെ പോയി എന്ന ചോദ്യവുമുയരുണ്ട്. എന്നാൽ, ഇക്കാലയളവിൽ 121 കുട്ടികളെ നഷ്ടമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മാത്രം ഇതുവരെ 11 മരണങ്ങൾ ഉണ്ടായെന്നാണ് പറയപ്പെടുന്നത്.
അട്ടപ്പാടിയിൽ ബഹുഭൂരിപക്ഷം സ്ത്രീകളും വിളർച്ച ബാധിച്ചവരാണെന്ന് ആരോഗ്യ വകുപ്പു തന്നെ സാക്ഷ്യപ്പെടുത്തുന്നു. അരിവാൾ രോഗികൾ (സിക്കിൾ സെൽ അനീമിയ) അട്ടപ്പാടിയിൽ ഏറെയുണ്ട്. കഴിഞ്ഞ ദിവസം മരിച്ച അമ്മയും കുഞ്ഞും അരിവാൾ രോഗം ബാധിച്ചവരായിരുന്നെന്നാണ് റിപ്പോർട്ട്.
ആദിവാസികളുടെ ആരോഗ്യം തകർത്തതിൽ സർക്കാർ തലത്തിൽ ഓരോ തവണയും പടച്ചുവിടുന്ന റിപ്പോർട്ടുകൾക്കും ഏറെ പങ്കുണ്ട്. തനതു ഭക്ഷണമായ റാഗിയും ചാമയും കിഴങ്ങുവർഗങ്ങളും ഉൾപ്പെടെ കഴിച്ചുവളർന്ന ഒരു വിഭാഗത്തെ സഹായിക്കാനെന്ന പേരിൽ റേഷൻ അരിയും മറ്റും നൽകി സ്വാഭാവിക ശാരീരിക ശേഷിയെ തകർക്കുകയാണ് നാം ചെയ്തത്. ഈ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരുകൾക്ക് ഒളിച്ചോടാനാകില്ല.
ഒരു വർഷത്തിനിടെ മാത്രം അട്ടപ്പാടിയുടെ വികസനത്തിന് അനുവദിച്ചതു 16 കോടി രൂപയാണ്. എന്നാൽ, ഈ തുക എങ്ങോട്ടു പോയെന്നോ ആർക്കൊക്കെ ലഭിച്ചെന്നോ വ്യക്തമായ കണക്കില്ല. 194 ഊരുകളിലായി 32,000 ൽ അധികം ആളുകൾ കഴിയുന്ന അട്ടപ്പാടിയിൽ ഈ തുകയുടെ പത്തിലൊന്നെങ്കിലും ചെലവഴിച്ചിരുന്നെങ്കിൽ അവർക്ക് ആവശ്യമുള്ളതെല്ലാം കിട്ടിയേനെ. നല്ല ആരോഗ്യവും റോഡുകളും ഉൾപ്പെടെ ലഭിച്ചേനെ.
അട്ടപ്പാടി താവളത്ത് ആദിവാസി യുവതിയും ഗർഭസ്ഥ ശിശുവും മരണപ്പെട്ട സംഭവത്തിൽ യുവതിക്ക് ലഭിക്കേണ്ടിയിരുന്ന പോഷകാഹാരക്കുറവിനുള്ള ധനസഹായം ജൂൺ മാസം മുതൽ ലഭിച്ചില്ലെന്ന വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നു. ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള പദ്ധതിയാണ് ജനനി ജന്മരക്ഷാ പദ്ധതി. സർക്കാർ 2013ലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 18 മാസം വരെ ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകാനായിരുന്നു ഉത്തരവ്. ഗർഭിണികളുടെയും അമ്മമാരുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് അവർക്ക് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാൻ പ്രതിമാസം സാമ്പത്തിക സഹായം നൽകുന്നതാണ ജനനി ജന്മരക്ഷ.
നിലവില്‍ വയനാട്, പാലക്കാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മാത്രമാണ് മൂന്നോ നാലോ മാസം കൂടുമ്പോൾ പണം കിട്ടുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും ഒന്നര വര്‍ഷത്തിലേറയായി ഗുണഭോക്താക്കള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന പരാതിയും നേരത്തെ ഉയർന്നിട്ടുണ്ട്. ഇപ്പോള്‍ ഗര്‍ഭിണികളാകുന്നവരെ പദ്ധതിയില്‍ ഉള്‍പെടുത്താനുള്ള രജിസ്ട്രേഷന്‍ ഒരിടത്തും നടക്കുന്നില്ല. പതിയെ പതിയെ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ആദിവാസി സംഘടനകൾ പറയുന്നത്.
ജനനി ജന്മരക്ഷാ പദ്ധതിക്കായി പട്ടിക വർഗ വികസന വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെയെന്ന ഓഡിറ്റ് റിപോർട്ട് പുറത്തുവന്നത് 2021 ജുലൈ മാസമായിരുന്നു. 2019 മെയ് ഒന്ന് മുതൽ 2021 ഫബ്രുവരി 28 വരെയാണ് പട്ടികവർഗ ഡയറക്ടറേറ്റിൽ ഇത് സംബന്ധിച്ച പരിശോധന നടന്നത്.
അട്ടപ്പാടിയിൽ മാത്രം ഓരോ വർഷവും കുറഞ്ഞത് 50 ലക്ഷത്തോളം രൂപ ഈ പദ്ധതിയിനത്തിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്. 2019-20 ൽ ഇത് മുപ്പത് ലക്ഷമായിരുന്നു. എന്നാൽ 2021 ജൂൺ മാസത്തോടെ ധനസഹായം നിർത്തലാക്കിയിരിക്കുകയാണ്. പദ്ധതി നിർത്തലാക്കിയതിന് പിന്നാലെയാണ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളും പുറത്തുവന്നത്.
ഓരോ തവണയും ശിശു മരണങ്ങൾ ഒരുമിച്ച് സംഭവിക്കുമ്പോഴാണ് എല്ലാവരുടെയും കണ്ണുകൾ അട്ടപ്പാടിയിലേക്ക് എത്തുന്നത്. അപ്പോൾ അവർക്ക് ആവശ്യമായതിനെ പരിഗണിക്കാതെ നമുക്ക് അറിയാവുന്നത് അവർക്ക് കൊടുക്കും. ഇത് ആദിവാസികളുടെ ജീവിത ക്രമങ്ങളെയും ആരോഗ്യത്തെയും തകർക്കുന്നു. ഇത്തരം തകർക്കലുകൾ ആണ് ആദ്യം അവസാനിപ്പിക്കേണ്ടത്. അതുപോലെ തന്നെ ആരോഗ്യസംവിധാങ്ങൾ തേടി അവരെ കിലോമീറ്ററുകളോളം ഓടിക്കുന്ന പരിപാടിയും അവസാനിപ്പിക്കാൻ നടപടിയുണ്ടാകണം.