തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കമായി.7 സര്‍ക്കുലര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തും. 50 രൂപക്ക് ഒരു ദിവസം ഏത് റൂട്ടിലും യാത്ര അനുവദിക്കും. തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനവുമായാണ് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കമായിരിക്കുന്നത്. നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ആശുപത്രികള്‍, കോടതി എന്നിവയെ തുടര്‍ച്ചയായി ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ സര്‍വീസ്.
പത്തു മുതല്‍ 15 മിനിട്ട് ഇടവേളകളില്‍ ഇരുദിശകലിലും സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. 90 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഒരുക്കിയിട്ടുള്ളത്. പഴയ ലോ ഫളോര്‍ ബസുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്. ഓരോ റൂട്ടനുസരിച്ച് ബസുകള്‍ക്ക് റെഡ് സര്‍ക്കിള്‍, ബ്ളൂ, ബ്രൗണ്‍ , യോല്ലോ, മാഗ്നറ്റ, ഓറഞ്ച് സര്‍ക്കിള്‍ എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ എറണാകുളത്തും കോഴിക്കോട്ടും അടുത്ത ഘട്ടത്തില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങും.