തിരുവനന്തപുരം : ചലച്ചിത്ര നടി പ്രവീണയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശിയായ ഭാഗ്യരാജ് (22) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ നേരത്തെ മറ്റൊരാളെ പിടികൂടിയിരുന്നു.
എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശാനുസരണം സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അതുവഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
അതേസമയം പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ നിരവധി നടിമാർക്കെതിരെ ഇത്തരത്തിൽ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അധികം പേരും പരാതി നൽകാതെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സൈബർ ആക്രമണങ്ങൾക്കെതിരെ പരാതിയുമായി എല്ലാവരും രംഗത്തെത്തണമെന്നും പ്രവീണ പറഞ്ഞു.