ന്യൂഡല്‍ഹി: രാജ്യത്ത് റിസർവ് ബാങ്കിന്റെ ‘സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി’ (സിബിഡിസി) പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് പരിഗണനയിലെന്ന് കേന്ദ്ര ധനമന്ത്രാലയം. കോണ്‍ഗ്രസ് നേതാവ് അഡ്വ.അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് കേന്ദ്ര ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റല്‍ കറന്‍സികള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആളുകള്‍ കറന്‍സി നോട്ടുകളെ ആശ്രയിക്കുന്നത് കുറയും. ഒപ്പം പണമിടപാടുകളുടെ വിനിമയ ചെലവ് കുറയുകയും പണമിടപാടുകള്‍ കൂടുതല്‍ കരുത്തുറ്റതാകുകയും ചെയ്യുമെന്ന് പങ്കജ് ചൗധരി മറുപടി നല്കി.
നിലവിലുള്ള കറൻസിയുടെ ഡിജിറ്റൽ രൂപമായ സിബിഡിസിയെ ബാങ്ക് നോട്ടുകളായി പരിഗണിക്കാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ ഒക്ടോബറില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വെര്‍ച്ച്വല്‍ കറന്‍സികള്‍ ഇറക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് പറഞ്ഞിരുന്നു.