കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ. കെപിസിസി പ്രസിഡന്റാകാന്‍ കെ സുധാകരന് യോഗ്യനല്ല. കെപിസിസി പ്രസിഡന്റെന്നത് മഹത്തായ പദവിയാണ്. പ്രസിഡന്റായശേഷം ഒന്നും പറഞ്ഞിട്ടില്ല. ഇനി വായതുറന്നാല്‍ സുധാകരന് താങ്ങാനാകില്ലെന്നും മമ്പറം ദിവാകരന് പറഞ്ഞു.
സുധാകരൻ കോൺഗ്രസ് പ്രസിഡന്റ് ആകാതിരിക്കാൻ താൻ മാക്സിമം ശ്രമിച്ചിരുന്നതായും ദിവാകരൻ വെളിപ്പെടുത്തി. കോൺഗ്രസിനെ നയിക്കാൻ 200 ശതമാനവും യോഗ്യനല്ലാത്ത വ്യക്തിയായിരുന്നു സുധാകരൻ. അതിനാൽ പ്രതിഡന്റ് ആക്കാതിരിക്കാൻ താൻ ശ്രമിച്ചിരുന്നു. ഇപ്പോൾ പ്രസിഡന്റ് ആയതിനാൽ പരസ്യമായി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.
പുതിയ കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്ന് മമ്പറം ദിവാകരൻ ആരോപിച്ചു. അതു കൊണ്ടാണ് രണ്ട് ടേം മത്സരം എന്ന നിയമം കൊണ്ടു വന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ വികസനത്തിന് സ്റ്റേ നൽകിയ വ്യക്തിയാണ് ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേര് നാമനിർദ്ദേശം നൽകിയതെന്നും ദിവാകരൻ കുറ്റപ്പെടുത്തി.
ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല. ഡിസിസിയുടെ ഒരു നേതാവും സമീപിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കെപിസിസിയോ ഡിസിസിയോ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. 1992ല്‍ ആശുപത്രി പ്രസിഡന്റാകുമ്പോള്‍ ജൂബിലി റോഡിലെ വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം. ഇന്ന് ആറേക്കര്‍ സ്ഥലവും കെട്ടിടങ്ങളുമുണ്ട്. കുന്നോത്തുപറമ്പില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഏഴേക്കര്‍ വേറെയുമുണ്ട്. ഇന്ദരാഗാന്ധിയുടെ സ്മാരകമായ ആശുപത്രിയെ നശിപ്പിക്കാന്‍ ആരുവന്നാലും വിടില്ല. ബ്രണ്ണന്‍ കോളേജില്‍ ചെയര്മാന് സ്ഥാനത്തേക്ക് എനിക്കെതിരെ മത്സരിച്ചയാളാണ് സുധാകരന്. എനിക്ക് 1400ലേറെ വോട്ടും സുധാകരന് 81 വോട്ടുമാണ് അന്ന് ലഭിച്ചത്. എ കെ ബാലനാണ് ജയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും ഞാനും ഒരേ നാട്ടുകാരാണ്. ചെത്തുതൊഴിലാളിയുടെ മക്കളാണെന്നതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. ധര്‍മടം മണ്ഡലത്തില്‍ ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചു. പുറത്താക്കലിനുശേഷം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പിസി ചാക്കോയും വിളിച്ചിരുന്നു. നെഹ്റു കുടുംബത്തിനും കോണ്‍ഗ്രസിനുമൊപ്പം ജീവിതാന്ത്യംവരെയുണ്ടാകുമെന്നും മമ്പറം ദിവാകരന് പറഞ്ഞു.
എന്നാൽ കണ്ണൂരിൽ മമ്പറം ദിവാകരനെതിരെയടക്കം എടുത്തത് അച്ചടക്ക നടപടിയാണെന്നും പാർട്ടി തീരുമാനം ലംഘിച്ചാൽ അച്ചടക്ക നടപടി സ്വാഭാവികമാണെന്നുമാണ് സുധാകരന്റെ പ്രതികരണം. അച്ചടക്ക നടപടിക്ക് വലിയ ആളെന്നോ ചെറിയ ആളെന്നോ വ്യത്യാസമില്ലെന്നും കെ സുധാകരൻ പറഞ്ഞു.