ന്യൂഡല്‍ഹി: എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്പെന്ഷന്. വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു.
എളമരം കരീം (സി.പി.എം.), ബിനോയ് വിശ്വം (സി.പി.ഐ.) എന്നിവരെ കൂടാതെ ഫുലോ ദേവി നേതാം (കോണ്‍ഗ്രസ്), ഛായാ വര്‍മ (കോണ്‍ഗ്രസ്), ഋപുണ്‍ ബോറ (കോണ്‍ഗ്രസ്), രാജാമണി പട്ടേല്‍ (കോണ്‍ഗ്രസ്), ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ശാന്താ ഛേത്രി (തൃണമൂല്‍ കോണ്‍ഗ്രസ്), സെയ്ദ് നസീര്‍ ഹുസൈന് (കോണ്‍ഗ്രസ്), പ്രിയങ്കാ ചതുര്‍വേദി (ശിവസേന), അനില്‍ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിങ്ങ് (കോണ്‍ഗ്രസ്) എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.
പാർലമെൻ്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ജനവികാരത്തെ മാനിക്കാത്ത സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന്‍ പരാതി നൽകിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.
അതിനിടെ, വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു.