കരുനാഗപ്പള്ളി : പോപ്പുലർഫ്രണ്ട് ദക്ഷിണമേഖല ഓഫീസിൽ പോലീസ് റെയ്ഡ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കു സമീപമുള്ള ഓഫീസിലാണ് കരുനാഗപ്പള്ളി പോലീസിൻറ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ വന്നു പോകുന്നുവെന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമീഷണർ ടി. നാരായണൻ്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിൻ്റെ നേതൃത്വത്തിൽ യായിരുന്നു പരിശോധന നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള നിരവധി പേരെ സംശയാസ്പദമായി ഇവിടെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
റെയ്ഡ് വിവരം അറിഞ്ഞതോടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രദേശത്ത് എത്തിയിരുന്നു. റെയ്ഡിൻ്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ പ്രാദേശിക വാർത്താചാനൽ ക്യാമറാമാന് മർദ്ദനമേറ്റു.
അതേസമയം, റെയ്ഡിൽ ഏതാനും ലഘുലേഖകൾ മാത്രമാണ് കണ്ടെടുത്തതെന്നും മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.