ജനീവ:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1. 529 ആദ്യമായി സ്ഥിരീകരിച്ചത്. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദത്തിന്റെ തീവ്രത, വ്യപനശേഷി തുടങ്ങിയ കാര്യങ്ങൾ കൂടുതൽ പഠനത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ.മുമ്പുണ്ടാകാത്ത തരത്തിലുള്ള ജനിതക വകഭേദമാണ് ഒമിക്രോണിൽ വൈറസിന്റെ സ്പൈക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്നത്. വൈറസ് വ്യാപിച്ചാൽ ആഗോളതലത്തിൽ വലിയ ഭീഷണിയാകും. മുൻഗണനാ ഗ്രൂപ്പുകൾക്കുള്ള വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാൻ ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് നിർദേശം നൽകി.
ഒമിക്രോൺ യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം കൂടി റിപ്പോർട്ട് ചെയ്തത്.അതേസമയം, ഒമിക്രോൺ ബാധിച്ചവർക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നാണ് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്സി വ്യക്തമാക്കിയത്. ഒരാഴ്ചയിലേറെയായി തന്റെ കീഴിൽ ചികിത്സയിലുള്ള, ഒമിക്രോൺ ബാധിച്ച രോഗികൾക്ക് സാധാരണ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.