തിരുവനന്തപുരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ സുരക്ഷയും ഗുണമേൻമയും ഉറപ്പുവരുത്തുന്നതിനായി റോഡ് ആസ്തികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് തയ്യാറാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൺവയോൺമെന്റ് സെന്റർ (കെ എസ് ആർ ഇ സി ) തയാറാക്കിയിട്ടുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിന്റേയും ആർ- ട്രാക്ക് മൊബൈൽ ആപ്ലിക്കേഷന്റേയും സേവനം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
ജി പി എസ് സൗകര്യമുള്ള ആന്റ്രോയ്ഡ് മൊബൈൽ ഫോണും ടുവീലറുമുള്ള ചെറുപ്പക്കാരുടെ സേവനം ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തും. ഇതിനായി ഒരു വാർഡിന് 3000 രൂപ ചിലവാക്കാനുള്ള അനുമതി നൽകിയെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ പഞ്ചായത്തുകളിലാണ് കണക്റ്റിവിറ്റി മാപ്പിംഗ് നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികൾ ഏറ്റെടുക്കുമ്പോൾ തോട്, കായൽ, കനാൽ എന്നിവയുടെ വശങ്ങളിലൂടെ പോകുന്ന റോഡുകളിൽ സുരക്ഷ ഉറപ്പാക്കാൻ കൈവരികൾ ഉൾപ്പെടെ അംഗീകൃത സ്റ്റാൻഡേർഡ് പ്രകാരമുള്ള കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും മന്ത്രി നിർദേശിച്ചു.