ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി. നിയമങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. നിയമം പിന്‍വലിച്ചതും താങ്ങുവിലയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതെയാണ്. ചര്‍ച്ചകളെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുവെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
ലഖിംപുർ ഖേരി, എം എസ് പി വിഷയങ്ങളിൽ ചർച്ച വേണമായിരുന്നു. ചർച്ചകൾ ഇല്ലെങ്കിൽ എന്തിനാണ് പാർലമെന്റ് എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. തെറ്റ് സംഭവിച്ചത് തിരിച്ചറിഞ്ഞെങ്കിൽ കേന്ദ്രം നഷ്ടപരിഹാരവും നൽകാൻ തയാറാകണം.
അതേസമയം, കർഷക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ചയില്ലാതെ ഇരു സഭകളിലും പാസാക്കി. ബിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷന്മാർ തള്ളി. ബില്ലിനെ കുറിച്ച് പ്രാധാനമന്ത്രി ജനങ്ങളോട് വിവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
രാവിലെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കിയിരുന്നു. ലോക്സഭയിൽ ഈ ബില്ല് പാസ്സായ സ്ഥിതിക്ക് ഉച്ചയ്ക്ക് ശേഷം തന്നെ രാജ്യസഭയിലും ബില്ല് പാസ്സാക്കാൻ തന്നെയായിരുന്നു സർക്കാർ തീരുമാനം. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബില്ല് രാജ്യസഭയിലും പാസ്സാക്കി.