കാൺപൂർ: ഇന്ത്യ-ന്യൂസിലൻഡ് കാൺപൂർ ടെസ്റ്റ്(India vs New Zealand 1st Test) ആവേശകരമായ അന്ത്യത്തിലേക്ക്. 284 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസ്(Black Caps) അഞ്ചാം ദിനം രണ്ടാം സെഷൻ അവസാനിക്കുമ്പോൾ 125/4 എന്ന നിലയിലാണ്. നായകൻ കെയ്ൻ വില്യംസൺ(Kane Williamson) 24 റൺസുമായി ക്രീസിലുണ്ട്. റോസ് ടെയ്ലറുടെ(Ross Taylor) വിക്കറ്റ് വീണതോടെ ചായക്ക് പിരിയുകയായിരുന്നു. ആറ് വിക്കറ്റ് കയ്യിലിരിക്കേ കിവികൾക്ക് ജയിക്കാൻ 159 റൺസ് കൂടി വേണം. ടോം ലാഥം അർധ സെഞ്ചുറി നേടി.
ഒരു വിക്കറ്റിന് നാല് റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് അഞ്ചാം ദിനം ബാറ്റിംഗാരംഭിച്ചത്. രണ്ട് റൺസുമായി ടോം ലാഥവും റൺസൊന്നും എടുക്കാതെ സോമർവില്ലുമായിരുന്നു ക്രീസിൽ. 13 പന്തിൽ രണ്ട് റൺസെടുത്ത വിൽ യങ്ങിനെ രവിചന്ദ്ര അശ്വിൻ എൽബിയിൽ നാലാം ദിനം പിരിയുമ്പോൾ കുടുക്കിയിരുന്നു. ഒൻപത് വിക്കറ്റ് ശേഷിക്കേ ജയിക്കാൻ 280 റൺസ് തേടി അവസാന ദിവസം ഇറങ്ങിയ കിവികളെ ആദ്യ സെഷനിൽ പ്രതിരോധത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്കായില്ല. സെഷൻ പൂർത്തിയാകുമ്പോൾ സ്കോർ 79/1.
എന്നാൽ രണ്ടാം സെഷനിലെ ആദ്യ പന്തിൽ സോമർവില്ലിനെ പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. സോമർവില്ലും ലാഥമും ചേർന്നുള്ള 76 റൺസിൻറെ കൂട്ടുകെട്ടാണ് ഇതോടെ അവസാനിച്ചത്. പിന്നാലെ ടോം ലാഥം അർധ സെഞ്ചുറി പൂർത്തിയാക്കി. ഒരിക്കൽക്കൂടി അശ്വിൻറെ പന്ത് ഇന്ത്യക്ക് രക്ഷയ്ക്കെത്തി. 52 റൺസുമായി ലാഥം ബൗൾഡ്. കെയ്ൻ വില്യംസണിനൊപ്പം പ്രതിരോധിച്ച് കളിക്കാൻ ശ്രമിച്ച റോസ് ടെയ്ലറെ(2) ജഡേജ മടക്കിയതോടെ മത്സരം ചായക്ക് പിരിഞ്ഞു. ഇതോടെ അവസാന സെഷൻ ത്രില്ലറായി മാറും.
കാൺപൂർ ടെസ്റ്റിൽ രണ്ടിംഗ്സിലും ശ്രേയസ് അയ്യരുടെ ഇന്നിംഗ്സ് ടീം ഇന്ത്യക്ക് തുണയായി. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 345 റൺസിൽ പുറത്തായപ്പോൾ ശ്രേയസ് 171 പന്തിൽ 105 റൺസെടുത്തു. ഇതോടെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമായി. ശുഭ്മാൻ ഗിൽ(52), രവീന്ദ്ര ജഡേജ(50) എന്നിവരുടെ ഇന്നിംഗ്സിലും ഇന്ത്യക്ക് തുണയായി. നായകൻ അജിങ്ക്യ രഹാനെ 35 റൺസിൽ വീണു. ന്യൂസിലൻഡിനായി ടിം സൗത്തി അഞ്ചും കെയ്ൽ ജാമീസൺ മൂന്നും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ അക്സർ പട്ടേലിൻറെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ ന്യൂസിലൻഡ് 296ൽ പുറത്തായി. കിവീസ് ഓപ്പണർമാരുടെ സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് മൂന്നാം ദിനം ശക്തമായ തിരിച്ചുവരവ് കാഴ്ചവെക്കുകയായിരുന്നു ഇന്ത്യൻ ബൗളർമാർ. ഓപ്പണർമാരായി ഇറങ്ങി 95 റൺസെടുത്ത ടോം ലാഥമും 89 റൺസെടുത്ത വിൽ യങ്ങും മാത്രമാണ് കിവീസ് നിരയിൽ പിടിച്ചുനിന്നത്. ഓൾറൗണ്ടർ കെയ്ൽ ജാമീസൺ 23 റൺസ് നേടി. അക്സറിൻറെ അഞ്ചിന് പുറമെ രവിചന്ദ്ര അശ്വിൻ മൂന്നും ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ മായങ്ക് അഗർവാൾ 17നും ശുഭ്മാൻ ഗിൽ ഒന്നിനും ചേതേശ്വർ പൂജാര 22നും അജിങ്ക്യ രഹാനെ നാലിനും വീണപ്പോൾ 125 പന്തിൽ 65 റൺസുമായി രണ്ടാം ഇന്നിംഗ്സിലും ശ്രേയസ് പ്രതിഭ കാട്ടി. രണ്ടിന്നിംഗ്സിലും സൗത്തിക്കായിരുന്നു അയ്യരുടെ വിക്കറ്റ്. പൂജാരയും(22), രഹാനെയും(4) വീണ്ടും നാണക്കേടായി. ആദ്യ ഇന്നിംഗ്സിൽ അർധ സെഞ്ചുറി നേടിയ ജഡേജ പൂജ്യത്തിലും മടങ്ങി. ശ്രേയസിൻറെ ഒപ്പം രക്ഷാപ്രവർത്തനം നടത്തിയ ആർ അശ്വിൻറെ 35 റൺസ് നിർണായകമായി.