കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ച് പെട്രോളിയം ഉൽപന്നങ്ങളുടെ വില ഇടിയുന്നു.
കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വിവിധ രാജ്യങ്ങളെ ലോക്ഡൗൺ ഉൾപ്പെടെ നടപടികൾക്ക് നിർബന്ധിതരാക്കിയതാണ് വിലയിടിവിന് കാരണം. 2020 ഏപ്രിലിനു ശേഷം ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. യാത്രാനിയന്ത്രണങ്ങളും വ്യവസായ മേഖലയിലെ അടച്ചിടൽ വാർത്തകളും വിപണിയെ ഉലച്ചു. കുവൈത്ത് എണ്ണവില ഒരു ദിവസം 4.45 ഡോളർ കുറഞ്ഞ് 77.80 ആണ് രേഖപ്പെടുത്തിയത്.
ബ്രെൻറ് ക്രൂഡ് 9.50 ഡോളർ കുറഞ്ഞ് 72.72 ഡോളറും വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് 10.24 ഡോളർ കുറഞ്ഞ് 68.15ഉം വില രേഖപ്പെടുത്തി. അമേരിക്ക സ്ട്രാറ്റജിക് റിസർവ് പിൻവലിക്കുന്നതിനാൽ 2022 ആദ്യപകുതിയിൽ എണ്ണ സപ്ലൈ വർധിക്കുമെന്ന വാർത്തകളും വിലയിടിവിന് ആക്കം കൂട്ടി. എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, നോൺ ഒപെകിന്റെ അടുത്ത വ്യാഴാഴ്ച ചേരുന്ന യോഗത്തിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്.
ഉൽപാദനം നിയന്ത്രിച്ച് വിലയിടിവ് തടയാൻ തീരുമാനമുണ്ടാകുമോ എന്നാണ് നോട്ടം. 80 ഡോളറിന് മുകളിലേക്ക് വിലയെത്തിയത് കുവൈത്ത് ഉൾപ്പെടെ പെട്രോളിയത്തെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. ബജറ്റ് കമ്മി ഇല്ലാതാക്കാൻ ഇതു പര്യാപ്തമല്ലെങ്കിലും കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. 100 ഡോളർ വരെ വർധിച്ചേക്കുമെന്ന് ഗോൾഡ്മാൻ സാചസ്, ജെ.പി. മോർഗൻ എന്നിവർ പ്രവചിച്ചതും പ്രതീക്ഷ വർധിപ്പിച്ചു.അതിനിടെയാണ് ഒമിക്രോൺ കണക്കുകൂട്ടൽ തെറ്റിച്ചത്. 2014നു ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടന്നിട്ടില്ല. മുഖ്യവരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളംതെറ്റിയ കുവൈത്ത് കമ്മി നികത്താൻ കടമെടുക്കുകയാണ്.