ദോഹ: ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡ് വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതോടെ ഖത്തറും കുവൈത്തും കരുതൽ വർധിപ്പിച്ചു. കോവിഡ് അപകടസാധ്യതാ വിഭാഗത്തിലെ എക്സെപ്ഷെനൽ റെഡ് രാജ്യങ്ങളുടെ പട്ടിക ഖത്തർ പുതുക്കി. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, സൗത്ത് സുഡാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്ക് പുറമേ ബോട്സ്വാന, ഇസ്വാറ്റിനി, ലെസോത്തോ, നമീബിയ, സുഡാൻ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിയതോടെ പട്ടികയിൽ 15 രാജ്യങ്ങളായി.
എക്സെപ്ഷെനൽ റെഡ് രാജ്യങ്ങളിൽ നിന്നുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ഖത്തർ പ്രവാസികൾക്ക് 2 ദിവസവും വാക്സിനെടുക്കാത്ത അല്ലെങ്കിൽ ഭാഗികമായി വാക്സിനെടുത്ത ഖത്തർ പ്രവാസികൾക്ക് 7 ദിവസമവുമാണ് ഹോട്ടൽ ക്വാറന്റീൻ. ഖത്തർ അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയ സന്ദർശകർക്ക് മാത്രമേ പ്രവേശനമുള്ളു.