തൃശൂര്‍: സ്വകാര്യ ആശുപത്രികളിലും ‘നോറോ’ വൈറസ് ബാധക്ക് സമാനമായ ചികിത്സ തേടി രോഗികള്‍,എന്നാല്‍, ഇക്കാര്യം ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് അധികൃതര്‍. നഗരത്തിലെ ചില ഫ്ലാറ്റുകളില്‍ അടക്കം താമസിക്കുന്നവരാണ് സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടിയത്.
പത്തിലധികം തവണ വയറിളകിയവര് വരെ ഇക്കൂട്ടത്തിലുണ്ട്. വൈറല്‍ പനി എന്ന് പറഞ്ഞാണ് ഇവരില്‍ പലര്‍ക്കും ചികിത്സ നല്‍കിയത്. ഇവരില്‍ പലരെയും മരുന്നു നല്കി പറഞ്ഞുവിടുകയാണ് ഉണ്ടായത്. അതേസമയം, വല്ലാതെ ക്ഷീണം ബാധിച്ച മുതിര്‍ന്നവര്‍ അടക്കം രോഗികള്‍ ആശ്വാസമില്ലാതെ വന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
എന്നാല്‍, ഇക്കാര്യം ഇതുവരെ തങ്ങള്‍ അറിഞ്ഞില്ലെന്ന നിലപാടാണ് ആരോഗ്യ വകുപ്പിനുള്ളത്. ഇത്തരം കാര്യങ്ങള്‍ അറിയിക്കാതെ വന്നാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ ജില്ലയിലെ മുഴുവന്‍ സ്റ്റുഡന്റ്സ് ഹോസ്റ്റലുകള്‍, അന്തര്‍ സംസ്ഥാന തൊഴിലാളി ക്യാമ്ബുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവ കര്‍ശനമായി നിരീക്ഷിക്കാനും എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്കി.