ഇരിങ്ങാലക്കുട: ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കാത്തതില്‍ ഇരിങ്ങാലക്കുട രൂപതയ്ക്കെതിരെ പ്രതിഷേധം തുടരുന്നു. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വിശ്വാസികളാണ് ബിഷപ്പ് ഹൗസിനുമുന്നില്‍ പ്രതിഷേധിക്കുന്നത്. ശനിയാഴ്ചയാണ് ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ അനുമതി നല്‍കിയത്.
വൈദികരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. ഏകീകൃത കുര്‍ബാന അര്‍പ്പണ രീതിക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇടവക വികാരികളും പ്രതിനിധികളും അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനമെടുത്തെങ്കിലും ഞായറാഴ്ച ഏകീകൃത കുര്‍ബാന നടന്നില്ലെന്ന് ആരോപണവുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. കടുപ്പശ്ശേരി വികാരിയെ മാറ്റണമെന്ന ആവശ്യവും വിശ്വാസികള്‍ ഉയര്‍ത്തുന്നുണ്ട്. ബിഷപ്പ് ഹൗസിനുമുന്നില്‍ ഇന്നലെ മുതല്‍ ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോഴും തുടരുന്നത്.
ഇന്നലെ മുതലാണ് സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നിലവില്‍ വന്നത്. ആരാധനാ ക്രമ പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് രൂപതയിലെ വിശ്വാസികളും കഴിഞ്ഞ ദിവസം പ്രാര്‍ത്ഥന ചൊല്ലി പ്രതിഷേധിച്ചു. സിറോ മലബാര്‍ സഭാ സിനഡിൻ്റെ കുര്‍ബാന ഏകീകരണ തീരുമാനത്തിനെതിരെ നേരത്തെ തന്നെ ഇരിങ്ങാലക്കുട അതിരൂപതയും അങ്കമാലി അതിരൂപതയും പരസ്യമായി രംഗത്തെത്തിയിരുന്നു.
ജൂലൈയിലാണ് സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമം ഏകീകരിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മാസം ആരാധനാക്രമം ഏകീകരിച്ച് ഉത്തരവിറങ്ങി. നവംബര്‍ 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് മാര്‍പാപ്പ മെത്രാന്മാര്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ മൂന്ന് തരത്തിലുള്ള കുര്‍ബാനയാണ് നടന്നുവന്നത്. ജനാഭിമുഖ കുര്‍ബാന, അള്‍ത്താര അഭിമുഖ കുര്‍ബാന, പകുതി ജനാഭിമുഖവും പകുതി അള്‍ത്താര അഭിമുഖവുമായ കുര്‍ബാന എന്നിങ്ങനെയാണത്.
ചങ്ങനാശേരി അതിരൂപതയില്‍ അള്‍ത്താര അഭിമുഖ കുര്‍ബാനയാണ് നടക്കുന്നത്. എറണാകുളം, അങ്കമാലി, തൃശൂര്‍, ഇരിങ്ങാലക്കുട രൂപതകളില്‍ ജനാഭിമുഖ കുര്‍ബാനകള്‍ മാത്രമാണ് നടന്നുവരുന്നത്. പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം അതിരൂപതകളില്‍ പകുതി ജനാഭിമുഖവും പകുതി അള്‍ത്താര അഭിമുഖവുമായാണ് കുര്‍ബാന നടക്കുന്നത്. ഈ രീതികള്‍ക്ക് ഏകീകരണം കൊണ്ടുവരാനുള്ള തീരുമാനമാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് കാരണം.