അബുദാബി: യുഎഇയിൽനിന്ന് ഉംറ ബസ് സർവീസ് തുടരുന്നുണ്ടെന്നും നിർത്തലാക്കിയെന്ന സമൂഹ മാധ്യമ പ്രചാരണം തെറ്റാണെന്നും ഉംറ ഏജൻസികൾ അറിയിച്ചു.
ഡ്രൈവർമാർക്കുള്ള വീസ നടപടികൾ സൗദി അറേബ്യ കടുപ്പിച്ചതോടെ ഏതാനും ചില ബസുകളുടെ യാത്ര മുടങ്ങിയിരുന്നു. ബസിലെ ഡ്രൈവർമാർ ഉംറ വീസയിൽ പ്രവേശിക്കരുതെന്ന നിർദേശമാണു ചില സർവീസ് മുടങ്ങാനിടയായത്. സന്ദർശക വീസയിലോ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിലോ ആണു ഡ്രൈവർമാർ സൗദിയിലേക്കു പ്രവേശിക്കേണ്ടതെന്നാണ് അധികൃതരുടെ നിലപാട്.
എന്നാൽ സൗദിയിൽനിന്നുള്ള സാപ്റ്റ്കൊ ഉൾപ്പെടെയുള്ള ബസുകളിൽ സൗദി വീസയുള്ള ഡ്രൈവർമാരായതിനാൽ സർവീസ് തടസ്സപ്പെട്ടിട്ടില്ല. ഈ ബസുകളുടെ സേവനം ഉപയോഗപ്പെടുത്തി ഉംറ തീർഥാടകരെ അയയ്ക്കുന്നുണ്ടെന്നും സേവനം തടസ്സപ്പെട്ടിട്ടില്ലെന്നും ഉംറ ഏജൻസികൾ മനോരമയോടു പറഞ്ഞു. വിമാനത്തിലും പോകുന്നവരുണ്ട്.