ദുബൈ: ദുബൈയിൽ ഫൈസർ – ബയോ എൻടെക് (Pfizer-BioNTech) കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് (Booster dose) എടുക്കാം. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെൽത്ത് അതോരിറ്റി (Dubai Health Authority) പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് എടുക്കാൻ അർഹത. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത് മാത്രമേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സാധിക്കൂ എന്നും ദുബൈ ഹെൽത്ത് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. സ്വദേശികൾക്കും ദുബൈയിലെ പ്രവാസികൾക്കും ദുബൈ ഹെൽത്ത് അതോറിറ്റിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ 800342 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെട്ടോ ബൂസ്റ്റർ ഡോസിനായുള്ള അപ്പോയിന്റ്മെന്റ് എടുക്കാം. ബൂസ്റ്റർ ഡോസ് ലഭ്യമാവുന്ന സെന്ററുകളുടെ വിവരങ്ങളും ഡി.എച്ച്.എ ട്വീറ്റ് ചെയ്തിട്ടുണ്ട്