തിരുവനന്തപുരം; സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുന്നു. മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഇന്ന് രൂപപ്പെട്ടേക്കും. 48 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ചക്രവാതചുഴി ഇന്ന് അറബിക്കടലിൽ പ്രവേശിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തി. ജലനിരപ്പ് 141.90 അടി പിന്നിട്ടു. ഇതോടെ രാത്രി 11 മണിക്ക് ഒരു സ്പിൽവേ ഷട്ടർ കൂടി 30 സെ.മീ തുറന്നു. നേരത്തെ തുറന്ന മറ്റൊരു ഷട്ടറും 10 സെ.മീറ്ററിൽ നിന്ന് 30 സെ.മീറ്ററിലേക്ക് ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കാനാകുന്നില്ലെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും. അതിനിടെ, ഇന്നലെ പകല്‍ അടച്ച തമിഴ്നാട് വെള്ളമെടുക്കുന്ന തേക്കടിയിലെ ടണല്‍ രാത്രിയോടെ തുറന്നു. ജലനിരപ്പ് കൂടിയതോടെയാണ് ടണല്‍ തുറക്കാന്‍ തമിഴ്നാട് നിർബന്ധിതരായത്.