ബാംബൊലിം: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബാംഗ്ലൂർ എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ അടിച്ച സെല്‍ഫ് ഗോള്‍ ബ്ലാസ്റ്റേഴ്സിന് രക്ഷയായി. ബെംഗളൂരുവിനു വേണ്ടി ഗോള്‍ നേടിയതും ആഷിഖ് തന്നെയാണ്. ഇതോടെ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. പന്ത് അധിക സമയവും ബെംഗളൂരുവിന്റെ കാലിലായിരുന്നു.
84-ാം മിനുറ്റിലായിരുന്നു ബംഗ്ലൂരിനായി ആഷിഖ് ഗോൾ നേടിയത്. 88-ാം മിനിറ്റില്‍ ആഷിഖിന്റെ സെല്‍ഫ് ഗോളില്‍ ബെംഗളൂരുവിനെ സമനിലയില്‍ പിടിച്ച് ബ്ലാസ്റ്റേഴ്സ് ഒരു പോയിന്റ് സ്വന്തമാക്കി.
ഐഎസ്എല്ലിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചില്ല. ഇതോടെ മൂന്നു മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്റ്റേഴ്സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളില്‍ ഒന്നു വീതം വിജയവും തോല്‍വിയും സമനിലയുമുള്ള ബെംഗളൂരു നാല് പോയിന്റോടെ മൂന്നാമതാണ്.