ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാനദണ്ഡം പുതുക്കി. റിസ്ക്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. 12 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, , ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംഗപ്പൂർ, സിംബാബ്വേ, ഹോങ്കോങ്, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഗൾഫ് രാജ്യങ്ങൾ പട്ടികയിലില്ല.
റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം.
ഒമിക്രോൺ വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചു. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ എന്ന റിപ്പോർട്ടുകൾ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാൻ പര്യാപ്തമായ തെളിവുകൾ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിൻറെ നിലപാട്. അതിനാൽ ജാഗ്രത തുടർന്നാൽ മതിയാകും. നിലവിൽ ഉപയോഗിക്കുന്ന വാക്സീനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്സീനെടുത്തവർക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആർ കരുതുന്നത്. അതിനാൽ വാക്സിനേഷൻ വേഗത കൂട്ടണമെന്ന് ഐസിഎംആർ നിർദ്ദേശിക്കുന്നു.