അഗർത്തല: ത്രിപുര തദ്ദേശതെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബിജെപി. ആകെയുള്ള 334 സീറ്റിൽ 329 സീറ്റും ബിജെപി നേടി. വോട്ടുവിഹിതത്തിൽ സിപിഐഎമ്മിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി. ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിനെയും കോൺഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി.
ത്രിപുരയിലെ 13 മുനിസിപ്പൽ കൗൺസിലുകൾ, അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകൾ, ആറ് നഗര പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 329 സീറ്റും ബിജെപി പിടിച്ചു. മുഖ്യമന്ത്രി ബിപ്ലവ് ദേവിൻറെ നേതൃത്വത്തിൽ മുഴുവൻ സീറ്റിലേക്കും മത്സരിച്ച ബിജെപി 112 സീറ്റുകളിലേക്ക് എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 ഇടങ്ങളിൽ 217 ഇടത്തും ബിജെപിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു.
സിപിഎമ്മിന് വെറും മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മറ്റുള്ള പാർട്ടികൾ രണ്ട് സീറ്റുകൾ നേടി. കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല.
അഗർത്തല മുൻസിപ്പൽ കോർപ്പറേഷനിലെ 51 സീറ്റും ബിജെപി നേടി. ധർമനഗർ മുൻസിപ്പൽ കൗൺസിൽ, തെലിയാമുറ മുൻസിപ്പൽ കൗൺസിൽ, അമർപൂർ പഞ്ചായത്ത്, കോവൈ മുൻസിപ്പൽ കൗൺസിൽ, ബെലോണിയ മുൻസിപ്പൽ കൗൺസിൽ തുടങ്ങിയ ഇടത്തെല്ലാം മുഴുവൻ സീറ്റും ബിജെപി തൂത്തുവാരി.
അംബാസ മുനിസിപ്പൽ കൗൺസിലിൽ ബിജെപി 12 സീറ്റുകൾ നേടിയപ്പോൾ ടിഎംസിയ്ക്കും സിപിഎമ്മിനും സ്വതന്ത്ര സ്ഥാനാർത്ഥിക്കും ഒരോ സീറ്റ് വീതം ലഭിച്ചു.