പത്തനംതിട്ട: പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികളുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു താക്കീത് നല്കി. ഏരിയ സമ്മേളന ചര്‍ച്ചകള്‍ക്കുള്ള മറുപടിയിലായിരുന്നു ഈ വിമര്‍ശനം.
വീണാ ജോര്‍ജിന്റെ വിജയം താല്പര്യപ്പെടാത്ത ചിലര്‍ പാര്‍ട്ടിയിലുണ്ടെന്ന പരാമര്‍ശം ഉള്‍പ്പെടുന്ന സംഘടനാ റിപ്പോര്‍ട്ട്, പൊതുചര്‍ച്ചയില്‍ വീണാ ജോര്‍ജിന് എതിരെ ഉയര്‍ന്നുവന്ന പരാതികളും വിമര്‍ശനങ്ങളും, ഇവ മാധ്യമവാര്‍ത്തകളായി എന്നീ മൂന്നു വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞത്.
“വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്നുവന്നത് അത്തരം ആളുകളുടെ നീക്കങ്ങളുടെ ഭാഗമാണ്. അവർ അടുത്ത സമ്മേളനം കാണില്ല. 2016ലും 2021ലും വീണാ ജോർജിനെ തോൽപ്പിക്കാൻ ശ്രമിച്ചവരുണ്ട്. ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്. അവരെ തിരുത്താൻ പാർട്ടിക്ക് അറിയാം.”- ഉദയഭാനു വ്യക്തമാക്കി.
വീണാ ജോര്‍ജ് എംഎല്‍എ ആയപ്പോഴും മന്ത്രിയായപ്പോഴും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതും ഇന്നലെ വിമര്‍ശനമായി ഉയര്‍ന്നിരുന്നു. വിശ്വാസികള്‍ക്ക് പാര്‍ട്ടി എതിരല്ല എന്നായിരുന്നു ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടറി മറുപടി നല്‍കിയത്.
ജനപ്രതിനിധിയായ ശേഷം പാര്‍ട്ടി അംഗമായ ആളാണ് വീണാ ജോര്‍ജ്. അതിനാല്‍ പാര്‍ട്ടിയുടെ ചട്ടക്കൂട്ടിലേക്ക് അവര്‍ എത്താന്‍ സമയം എടുക്കും എന്നായിരന്നു ചര്‍ച്ചകള്‍ക്ക് മറുപടി നല്കവേ മുന്‍ ഏരിയാ സെക്രട്ടറി എം. സജികുമാറും പറഞ്ഞു.
ഇന്നലെ നടന്ന ആദ്യദിന ജില്ലാ സമ്മേളനത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പത്തനംതിട്ടയിലെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം.
മന്ത്രിയെ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും ഇന്നലെ സമ്മേളനത്തില്‍ പരാതി ഉയര്‍ന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഫോണ്‍ എടുക്കിന്നില്ലെന്ന വിമര്‍ശനം ഉന്നയിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് വിളിച്ചാല്‍ പോലും മന്ത്രിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിമര്‍ശനം. നിലവില്‍ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോര്‍ജ്. പല ബൂത്തുകളിലും പാര്‍ട്ടി വോട്ട് ചോരാന്‍ ഇത് കാരണമായെന്നും സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.