ദോഹ: ഫുടബോളിനെ വരവേല്‍ക്കാനൊരുങ്ങുന്ന ഖത്തറില്‍ രാജ്യാന്തര ഭക്ഷ്യമേളക്ക് ആവേശകരമായ തുടക്കം.ദോഹ കോര്‍ണിഷ്, അല്‍ ബിദ പാര്‍ക്ക് എന്നിവിടങ്ങളിലായി ഖത്തറിന്റെ രുചിവൈവിധ്യങ്ങളുമായാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്.
ദോഹ കോര്‍ണിഷില്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍ ഖത്തര്‍ എയര്‍വേസ് സി.ഇ.ഒയും ഖത്തര്‍ ടൂറിസം ചെയര്‍മാനുമായ അക്ബര്‍ അല്‍ ബാകിര്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. തത്സമയ കുക്കിങ്, മാജിക് ഷോ, യൂനിസൈക്കിള്, കരിമരുന്ന് പ്രയോഗങ്ങളോടെ വിപുലവും വര്‍ണാഭവുമായ ചടങ്ങുകളാണ് മേളയോടനുബന്ധിച്ച് നടന്നത്.
ഡിസംബര്‍ മൂന്നു വരെ ദോഹ കോര്‍ണിഷിലും പിന്നീട് ഡിസംബര്‍ 17 വരെ അല്‍ ബിദ പാര്‍ക്കിലുമാണ് മേള നടക്കുക. സാംസ്കാരിക വൈവിധ്യങ്ങളുടെ ഉത്സവമാണ് മേളയെന്നും ഇതുവഴി ഭക്ഷ്യപാനീയ വാണിജ്യരംഗത്ത് ഖത്തര്‍ സുപ്രധാന നേട്ടം കൈവരിക്കുമെന്നും അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
ആഗോള പ്രശസ്തരായ 16 ഷെഫുമാരുള്പ്പെടെ 22 പാചക വിദഗ്ധരുടെ സാന്നിധ്യമാണ് മേളയുടെ പ്രത്യേകത. ഞായര്‍ മുതല്‍ വ്യാഴം വരെ വൈകീട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയും വെള്ളി ശനി ദിവസങ്ങളില്‍ മൂന്ന് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുമാണ് മേളയുടെ പ്രവര്‍ത്തന സമയം.
ദോഹ ലൈറ്റ്സ് ഫെസ്റ്റിവലും ഇതോടനുബന്ധിച്ച് കോര്‍ണിഷില്‍ അരങ്ങേറും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിെന്റ പ്രധാന ആഘോഷ നഗരിയും കൂടിയാണ് ഭക്ഷ്യമേള നടക്കുന്ന ദോഹ കോര്‍ണിഷ്. മേളയുടെ ഭാഗമായി ഡിസംബര്‍ നാലുവരെ കോര്‍ണിഷില്‍ ഗതാഗത നിയന്ത്രണവുമുണ്ട്.