ദില്ലി: ഒമിക്രോൺ വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആർ. എന്നാൽ പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു. ഒമിക്രോൺ വൈറസ് കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരനടപടികൾ ആലോചിക്കാൻ ദില്ലി സർക്കാർ നാളെ യോഗം ചേരും.
തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ എന്ന റിപ്പോർട്ടുകൾ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാൻ പര്യാപ്തമായ തെളിവുകൾ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിൻറെ നിലപാട്. അതിനാൽ ജാഗ്രത തുടർന്നാൽ മതിയാകും. നിലവിൽ ഉപയോഗിക്കുന്ന വാക്സീനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്സീനെടുത്തവർക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആർ കരുതുന്നത്. അതിനാൽ വാക്സിനേഷൻ വേഗത കൂട്ടണമെന്ന് ഐസിഎംആർ നിർദ്ദേശിക്കുന്നു.
രാജ്യത്തെ 16 കോടിയോളം പേർ ഒരു ഡോസ് വാക്സീൻ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ വാക്സീൻ വിമുഖത ഉപേക്ഷിക്കണമെന്നും ഐസിഎംആർ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യം വാക്സിനേഷൻ നടപടിയെ ബാധിക്കരുതെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു.
കൊവിഡ് ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകീബാത്തിൽ ഇന്നും ആവർത്തിച്ചു. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതിൽ പുനരാലോചന വേണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെ പുതിയ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് യാത്ര നിരോധനം ഏർപ്പെടുത്തണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീരുമാനമുണ്ടാകൂവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഒമിക്രോൺ വൈറസ് വന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ വൈറസ് ബാധിത മേഖലകളിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിയിട്ടുണ്ടെന്നും ഇന്ത്യയും ഈ രീതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു.
നാളെ ദില്ലിയിൽ ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം യാത്ര സാഹചര്യം പരിശോധിക്കും. വ്യോമയാന മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിൽ ദക്ഷിണാഫ്രിക്ക, സിംബാംബേ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് യാത്ര വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ മുൻപോട്ട് വയ്ക്കും. നിലവിലെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ദില്ലി, തമിഴ്നാട് കർണ്ണാടകം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന ഫലം കർശനമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവർക്ക് കർണാടക പത്ത് ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ പ്രഖ്യാപിച്ചിരിക്കുകയാണ്.