തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ (rain alert) മാറ്റം. ഇടുക്കി ജില്ലയിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും (yellow alert). മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ചക്രവാതചുഴി അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ (നവംബർ 29) അറബികടലിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആൻഡമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 27 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, നവംബർ 28 ന് (ഇന്ന്) ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.