സിനിമയുടെ ചരിത്രവും കഥാപാത്രമായ കുഞ്ഞാലിമരക്കാറിലേക്കെത്തിയ ഓരോ വഴികളും നല്ല ഭാഷണത്തോട് കൂടെ അദ്ദേഹം വ്യക്തമാകുകയാണ്.മരക്കാർ സംവിധായകൻ പ്രിയദർശൻറെ വാക്കുകൾ…
“കുഞ്ഞുനാളിലേ വായിച്ചാരാധിച്ച കുഞ്ഞാലിമരക്കാരെക്കുറിച്ച് സിനിമയെടുക്കണം എന്ന സ്വപ്നം വർഷങ്ങളോളം കൊണ്ടുനടന്നു. പലപ്പോഴും പലപല പ്രതിബന്ധങ്ങളിൽത്തട്ടി പിന്മാറി.ആ സമയത്തെല്ലാം വായനയിലൂടെ യാഥാർഥ്യമായ കുഞ്ഞാലിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.കുറെ ചരിത്രം വായിച്ചപ്പോൾ ആകെ ചിന്താകുഴപ്പത്തിലായി,പദ്മനാഭസ്വാമി ക്ഷേത്രത്തിൽ 13-ാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകളുണ്ട്, തിരുവിതാംകൂറിന്റെ ചരിത്രം ലഭ്യമാണ്.
എന്നാൽ, 1500 മുതൽ 1600 വരെയുള്ള ചരിത്രത്തിന്റെ അവശേഷിപ്പുകളൊന്നും കോഴിക്കോട്ടില്ല എന്നതാണ് വൈരുധ്യം.ആകെ അവശേഷിക്കുന്നത് തളിക്ഷേത്രം മാത്രമാണ്.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ കെ.കെ. മുഹമ്മദിനോട് ചോദിച്ചപ്പോൾ അത് നശിച്ചുപോയിരിക്കാം എന്നാണു പറഞ്ഞത്. എങ്കിലും കേരളംകണ്ട ഏറ്റവും വലിയ ചക്രവർത്തിയുടെ കൊട്ടാരം എവിടെയാണ് നിന്നിരുന്നത് എന്നതിന് എന്തെങ്കിലും ഒരു വ്യക്തത വേണ്ടത് അനിവാര്യമല്ലേ?”
ആർട്ട് ഡയറക്ഷനും വിഷ്വൽ ഇഫക്റ്റ്സും
ഈ സിനിമ ചിത്രീകരണത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി ആർട്ട് ഡയറക്ഷനും വിഷ്വൽ ഇഫക്ട്സും തന്നെയായിരുന്നു.മികച്ച രീതിയിൽ രണ്ടും വന്നില്ലെങ്കിൽ സിനിമ പാളിപ്പോകും. സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈൻ ഏറ്റെടുത്തതോടെ ആ വെല്ലുവിളി മറികടക്കാൻ സാധിച്ചു. കാരണം, ഇന്ന് ഇന്ത്യയിലുള്ളവരിൽ ഏറ്റവും മികച്ച പ്രൊഡക്ഷൻ ഡിസൈനറാണ് സാബു.സാബുവിന്റേതായ സ്വാതന്ത്ര്യം ഡിസൈനിൽ എടുക്കാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. സിനിമയുടെ ട്രെയ്ലർ ഇറങ്ങിയപ്പോൾ പലരും ഉന്നയിച്ച വിമർശനം മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചുവെച്ചിരിക്കുന്നു എന്നതാണ്. ശരിക്കും പറഞ്ഞാൽ അത് ഗണപതിയല്ല,മറിച്ച് സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ്.
ഇന്ന് കേരള ഗവൺമെന്റിന്റെ അടയാളമായ ആനയും ശംഖും ആ ചരിത്രത്തിൽനിന്ന് വന്നതാവാം സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേർന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയത് എന്നുപറയപ്പെടുന്നു. അതുകൊണ്ടാണ് കൊടിയടയാളമായ ആന മരക്കാരിന്റെ മുഖത്ത് വന്നത്. ആനയെ കണ്ടാൽ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലർക്കുമില്ലാത്തതിന്റെ പ്രശ്നമാണത്.13-ാം നൂറ്റാണ്ടിൽത്തന്നെ ടെറസ്ട്രിയൽ ടെലിസ്കോപ്പ് കണ്ടുപിടിച്ചിരുന്നു എന്നാണ്,മരക്കാർ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയൽ ടെലിസ്കോപ്പാണ്.