കോഴിക്കോട്: നാളികേര വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. ശനിയാഴ്ച കോഴിക്കോട്ടെ വിവിധയിടങ്ങളിൽ കിലോ നാളികേരത്തിന് 31 രൂപയാണ് വില. കഴിഞ്ഞ വർഷം ഈ സീസണിൽ 42 രൂപവരെ ലഭിച്ചിരുന്നു. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വില വീണ്ടും ഉയർന്ന് 45വരെ എത്തിയിരുന്നു. പിന്നീടാണ് ഒന്നും രണ്ടും രൂപവെച്ച് കുറഞ്ഞ് താഴ്ന്നത്.
ഇതര സംസ്ഥാനങ്ങളിലേക്കുള്ള നാളികേര കയറ്റുമതി കുറഞ്ഞതാണ് വില കുറയാനുള്ള പ്രധാന കാരണം. കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ ഒട്ടുമിക്ക നാളികേര സംസ്കരണ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ കേരളത്തിൽനിന്നുള്ള നാളികേരം ഏറ്റെടുക്കുന്നത് വ്യാപാരികൾ ഏറക്കുറെ നിർത്തിവെച്ചു. ഇതാണ് തിരിച്ചടിയായത്.മതിയായ കായ്ഫലം ലഭിക്കാതിരിക്കൽ, കർഷക തൊഴിലാളികളുടെ കൂലിവർധന, തെങ്ങുകളുടെ കൂമ്പുചീയൽ, മണ്ഡരി, നീരൊലിപ്പ് എന്നിവയടക്കം നിലവിലുള്ളപ്പോഴാണ് ഉള്ള വിലകൂടി താഴോട്ടു പോയത്.