ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഇന്ന്. കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതിപാദിച്ചേക്കും. യൂറോപ്പിൽ ഉൾപ്പെടെ ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യ ജാഗ്രത കടുപ്പിക്കണമെന്ന് യോഗത്തിൽ മോദി ആവശ്യപ്പെട്ടു. രണ്ടാം ഡോസിന്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജാഗ്രത നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ക്വാറന്റീനും ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിമാർ പ്രത്യേകം യോഗം വിളിച്ചു ചേർത്തിരുന്നു.