ദില്ലി : റബർ ഇറക്കുമതി (Rubber imports ) വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടയർ നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനെ ( central governement ) സമീപിച്ചു. ആഭ്യന്തര റബർ ഉത്പാദനത്തിലെ ഇടിവ് ചൂണ്ടിക്കാട്ടിയാണ് തീരുവയില്ലാത്ത ഇറക്കുമതിയ്ക്ക് അനുമതി തേടി ടയർ നിർമ്മാതാക്കൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കത്ത് നൽകിയിരിക്കുന്നത്. ഒക്ടോബർ , നവംബർ മാസങ്ങളിൽ ശരാശരി 75,000 മെട്രിക് ടണ്ണാണ് രാജ്യത്ത് പ്രകൃതിദത്ത റബറിൻറെ ആഭ്യന്തര ഉത്പാദനം. കൊവിഡും കാലം തെറ്റിയുള്ള മഴയും നിമിത്തം നിലവിലിത് 50,000 മെട്രിക് ടണ്ണോളം മാത്രമാണ്. എന്നാൽ ഈ രണ്ടുമാസങ്ങളിൽ സ്വാഭാവിക റബറിൻറെ ഉപഭോഗം ഒരു ലക്ഷം ടണ്ണിന് മുകളിലെത്തി.
റബർ ലഭ്യതയിലെ കടുത്ത പ്രതിസന്ധി ടയർ നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് റബർ ഇറക്കുമതി വർദ്ധിപ്പിക്കണമെന്ന് കാണിച്ച് ടയർ നിർമാതാക്കൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തെ സമീപിച്ചത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റബറിൻറെ ഇറക്കുമതി തീരുവ ഒഴിവാക്കണമെന്നും തുറമുഖങ്ങളിലെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കണമെന്നും നിവേദനത്തിലുണ്ട്. നിലവിൽ രാജ്യത്തെ റബർ ഉത്പാദനത്തിൻറെ 75 ശതമാനവും ടയർ നിർമാതാക്കളാണ് വാങ്ങുന്നത്. ഇറക്കുമതി വർദ്ധിപ്പിച്ചില്ലെങ്കിൽ ചെലവ് കൂടുകയും വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ടയർ നിർമ്മാതാക്കൾ കേന്ദ്രത്തെ അറിയിച്ചു. ഉപഭോഗം ഉയർന്ന് നിൽക്കുന്നതിനാൽ ഇറക്കുമതി കൂട്ടിയാലും ആഭ്യന്തര വിപണിയിൽ റബർ വില ഇടിയില്ലെന്നും കർഷകർക്ക് ആശങ്ക വേണ്ടെന്നുമാണ് ടയർ നിർമാതാക്കളുടെ വാദം.